സുനില്‍ രാത്തിയില്‍ നിന്ന് ഭീഷണിയെന്ന് ബിജെപി എംഎല്‍എ; ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയിലും ആശങ്കയെന്ന് യോഗേഷ് ധാമ, യോഗിക്ക് കത്തയച്ചു

ലഖ്‌നൗ: സുനില്‍ രാത്തിയില്‍ നിന്ന് ഭീഷണിയുള്ളതായി ബിജെപി എംഎല്‍എ യോഗേഷ് ധാമ. ഉത്തര്‍പ്രദേശിലെ ക്രമസാമാധാന നിലയില്‍ ആശങ്കയുള്ളതായും വ്യക്തമാക്കി എംഎല്‍എ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. കൊടുംക്രിമിനലായ സുനില്‍ രാത്തിയില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഭാഗ്പത് എംഎല്‍എയായ യോഗേഷ് ധാമ യോഗിയ്ക്കും ഡിജിപിയ്ക്കും കത്തയച്ചു.

ജയിലില്‍ വെച്ച് ബജ്റംഗി എന്നയാളെ വെടിവെച്ച കൊന്ന കേസില്‍ പ്രധാനപ്രതിയാണ് സുനില്‍ രാത്തി. നിലവില്‍ തിഹാര്‍ ജയിലിലാണ് കഴിയുകയാണ് സുനില്‍. ‘സുനില്‍ രാത്തി ഭാഗ്പത് കോടതിയില്‍ വാദത്തിനെത്തിയപ്പോള്‍ എന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. ഞാനാണ് അദ്ദേഹത്തിന്റെ അനധികൃത ഖനനം തടഞ്ഞത്. സര്‍ക്കാര്‍ എനിക്ക് കൂടുതല്‍ സുരക്ഷ അനുവദിക്കണം’, വാര്‍ത്താസമ്മേളനത്തില്‍ യോഗേഷ് പറഞ്ഞു.

ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അതേസമയം എംഎല്‍എയില്‍ നിന്ന് രേഖാമൂലം ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പോലീസ് പ്രതികരിച്ചു. എന്നാല്‍ എംഎല്‍എയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version