പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്; വേണ്ടത് ഒരുമിച്ചുള്ള സമരം; കാന്തപുരം

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ജാതിയും മതവും തിരിച്ചുള്ള ഏത് നിയമവും രാജ്യത്തെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരേ ഒരുമിച്ചുള്ള സമരം തന്നെയാണ് ഏറ്റവും നല്ല മാര്‍ഗമെന്നും കാന്തപുരം പറഞ്ഞു.

ഭരണഘടനയെ ഛിഹ്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ എന്തിനാണ് നാലാഴ്ചത്തേക്ക് സമയം നല്‍കിയതെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഇനിയും ഹര്‍ജികള്‍ വരും. ഇത് മുസ്ലീമിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കാന്തപുരം പറഞ്ഞു.

ജാതിയും മതവും തിരിച്ചുള്ള ഒരു നിയമം ഇന്ത്യാ രാജ്യത്തെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരേ ഒരുമിച്ചുള്ള സമരം തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം. ഒരുമിച്ച് നിന്നാല്‍ മാത്രമേ വിജയം കൈവരിക്കുകയുള്ളൂ. അക്രമങ്ങളില്ലാത്ത മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സമരങ്ങളാണ് ആവശ്യം. അതിന് എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version