എന്‍പിആറുമായി ആരും സഹകരിക്കരുത്, എല്ലാ കാര്യങ്ങളും വിശദീകരിക്കാന്‍ സിപിഎം ഓരോ വീടുകളിലും പ്രചാരണത്തിനെത്തും; സീതാറാം യെച്ചൂരി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ബിജെപി അജണ്ടയുടെ ഭാഗമാണെന്നും അവര്‍ ഇന്ത്യയുടെ ഭരണഘടനയേയോ സംസ്‌കാരത്തെയോ അംഗീകരിക്കുന്നില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുവന്നിട്ടുള്ള മുസ്ലീങ്ങള്‍ ഒഴിച്ചുള്ളവര്‍ക്ക് പൗരത്വം നല്കുന്നതാണ് ഈ നിയമമെന്നും ഇത് ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും ചേര്‍ന്നതല്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പൗരത്വ ഭേദഗതി നിയമം മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണ്. ഇത് ഇന്ത്യയുടെ സംസ്‌കാരത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നും വസുധൈവക കുടുംബകം എന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.ഈ നിയമത്തിലൂടെ പുറത്തുവന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലീം വിരുദ്ധതയാണ്.

സങ്കീര്‍ണമാണ് ഈ നിയമം. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്. അസമില്‍ എന്‍ആര്‍സി സുപ്രീംകോടതി ഉത്തരവ് മുഖേനെ വന്നതോടെ 20 ലക്ഷത്തിനടുത്ത് ആളുകളാണ് പട്ടികയില്‍ നിന്നും പുറത്തായത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലീം വിഭാഗത്തിലുള്ളവര്‍ ആയിരുന്നില്ല. അത് ബിജെപിയുടെ ആഗ്രഹത്തിനും തത്വശാസ്ത്രത്തിനും വിരുദ്ധമായിരുന്നെന്നും ഇത് മറികടക്കാനാണ് മുസ്ലീങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി നിയമവുമായി രംഗത്ത് വന്നതെന്നും യെച്ചൂരി പറഞ്ഞു.

എന്‍പിആര്‍ എന്നത് പൗരത്വവുമായി ബന്ധപ്പെട്ടതാണ്. അത് ഇന്ത്യയിലെ പൗരന്മാരുടെ കണക്കെടുപ്പാണ്. ഇക്കാര്യം വിശദീകരിക്കാന്‍ സിപിഎം ഓരോ വീടുകളിലും പ്രചാരണത്തിനെത്തുമെന്നും സെന്‍സസിനായി എത്തുന്നവരോട് എന്‍പിആര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കരുതെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചിന്തിക്കുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിച്ചവരുടെ കാലം കഴിഞ്ഞുവെന്നാണ്. നിലവിലെ യുവജനങ്ങള്‍ രാജ്യസ്‌നേഹത്താല്‍ പ്രചോദിതരല്ല എന്നാണ്. എന്നാല്‍ അദ്ദേഹത്തിന് തെറ്റി, ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും രാജ്യം മുഴുവന്‍ ദേശീയ പതാകയുമേന്തി നടക്കുന്നത് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version