മസ്ജിദിന്റെ മുറ്റത്ത് പന്തലുയർന്നു; അഞ്ജുവും ശരത്തും ഹൈന്ദവാചാരപ്രകാരം വിവാഹ ജീവിതത്തിലേക്ക്; ആഭരണങ്ങളും സദ്യയും ഒരുക്കി പള്ളി കമ്മിറ്റി; കേരളം മാതൃകയാവുന്നതിങ്ങനെ

കായംകുളം: മതസൗഹാർദ്ദത്തിന്റെ പുസ്തകത്തിലേക്ക് മറ്റൊരു അധ്യായം എഴുതിച്ചേർത്ത് ചേരാവള്ളി മുസ്ലിം പള്ളിയും നവവധൂവരന്മാരായ അഞ്ജുവും ശരത്തും. മതഭേദങ്ങൾക്ക് അപ്പുറത്ത് നന്മയും കരുണയും തണൽ വിരിക്കുന്ന പള്ളിമുറ്റത്ത് അഞ്ജുവിന്റെയും ശരത്തിന്റേയും വിവാഹത്തിന് പന്തലൊരുക്കിയാണ് ഈ നാട് മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായത്. ഹൈന്ദവാചാരപ്രകാരം താലിക്കെട്ടലുൾപ്പടെയുള്ള വിവാഹചടങ്ങുകൾ നടന്നത് പള്ളിമുറ്റത്താണ്. ദരിദ്ര കുടുംത്തിലെ അംഗമായ വധു അഞ്ജുവിന് പത്ത് പവൻ സ്വർണ്ണാഭരണങ്ങളും വിവാഹസദ്യ ഉൾപ്പടെയുള്ളവ സമ്മാനിച്ചതാകട്ടെ പള്ളി കമ്മിറ്റിയും. മുഹൂർത്തം 12.10നും 12.30നും മധ്യേയായിരുന്നു.

ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും രണ്ട് വർഷം മുമ്പ് ഹൃദയാഘാതം വന്ന് മരിച്ച അശോകന്റെയും മകളാണ് അഞ്ജു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകനാണ് ശരത്ത്. അച്ഛൻ പോയതോടെ ജീവിതം പ്രതിസന്ധിയിലായ അഞ്ജുവിന്റെ കുടുംബം ഏറെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. അഞ്ജുവും സഹോദരി അമൃതാഞ്ജലിയും സാമ്പത്തിക പ്രയാസം കാരണം പ്ലസ്ടു കഴിഞ്ഞു പഠനം നിർത്തുകയായിരുന്നു. ആനന്ദാണ് ഇളയ സഹോദരൻ. കഴിഞ്ഞ ഒക്ടോബറിൽ അഞ്ജുവിന്റെ അമ്മ ബിന്ദു മകളുടെ വിവാഹം നടത്താൻ അയൽവാസിയായ, ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിന്റെ സഹായം തേടിയതോടെയാണ് അഞ്ജുവിന്റെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചത്.

ബിന്ദുവിന്റെ അഭ്യർത്ഥന ജമാഅത്ത് കമ്മിറ്റിയിൽ ചർച്ചയായി. ജമാഅത്ത് അംഗങ്ങൾ ഒറ്റക്കെട്ടായി വിഷയത്തിൽ ഇടപെട്ടു. നവവധുവിന് സ്വർണ്ണാഭരണങ്ങളോടൊപ്പം രണ്ട് ലക്ഷം രൂപയും വിവാഹസഹായങ്ങളും ഇങ്ങനെയാണ് ഒരുക്കിയത്.

വിവാഹത്തിന് ക്ഷണിച്ച 3,000 പേർക്കു ജമാഅത്ത് കമ്മിറ്റി ഭക്ഷണമൊരുക്കുന്നുണ്ട്. വിവാഹ വേദിയിൽ 200പേർക്ക് ഇരിപ്പിടമുണ്ട്. പുറത്തു വിശാലമായ പന്തലുമൊരുക്കി.

വരനെ കണ്ടെത്തുക മാത്രമായിരുന്നു ബിന്ദുവിനും കുടുംബത്തിനും ബാക്കിയുണ്ടായിരുന്ന ആശങ്ക. പിന്നീട് ബന്ധുവായ ശരത്തിലേക്ക് തന്നെ അന്വേഷണമെത്തിയതോടെ വിവാഹം ഉറപ്പിക്കുകയും ഇരുകുടുംബങ്ങളുടേയും പൂർണ്ണസമ്മതത്തോടെ മസ്ജിദിന്റെ മുറ്റത്ത് വിവാഹപന്തൽ ഒരുങ്ങുകയുമായിരുന്നു.

Exit mobile version