കാർന്നു തിന്നുന്ന വേദനയിലും ചിരിച്ചവൾ; ആദിയെ തനിച്ചാക്കി അനു യാത്രയായി; കണ്ണീരോടെ വീട്ടിലേക്ക് ഓടിയെത്തി ടിക് ടോക്ക് സുഹൃത്തുക്കൾ

ഹരിപ്പാട്: കാർന്നുതിന്നുന്ന കാൻസറിന്റെ വേദനയിലും ടിക് ടോക്കിലൂടെ സന്തോഷത്തോടെ പ്രത്യക്ഷപ്പെടാനായിരുന്നു ഫോളോവേഴ്‌സിന്റെ സ്വന്തം സുധിയെന്ന അനു സുരേന്ദ്രനിഷ്ടം. ഒമ്പത് മാസം മുമ്പ് കണ്ടെത്തിയ കാൻസർ ബാധ അവളെ തെല്ലും തളർത്തിയില്ല. എട്ടുവസുകാരൻ മകനോടൊപ്പം നിരവധി വീഡിയോയി ലൂടെ ഫോളോവേഴ്‌സിന് മുന്നിലേക്ക് വീണ്ടും വീണ്ടും സന്തോഷത്തോടെ അവളെത്തി. ഒടുവിൽ എല്ലാം വെടിഞ്ഞ് ആയിരക്കണക്കിന് ഫോളോവേഴ്‌സിനേയും ബന്ധുക്കളേയും മകൻ ആദിയേയും തനിച്ചാക്കി വേദനയില്ലാത്ത ലോകത്തേക്ക് അനു യാത്രയായി.

ജീവിതത്തിന്റെ അവസാന നാളുകളിൽ പോലും അനു കരഞ്ഞിരുന്നില്ല. കീമോത്തെറാപ്പിയെ തുടർന്ന് മുടി നഷ്ടമായപ്പോൾ മൊട്ടത്തലയുമായി വീഡിയോകളിൽ പ്രത്യക്ഷപ്പെടാനും മടിച്ചില്ല. ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് അവൾ മരണത്തിന് കീഴടങ്ങിയത്. എങ്കിലും , അനു സുരേന്ദ്രൻ (സുധി) sudisurendran935 എന്ന പ്രൊഫൈലിലെ ടിക്ക് ടോക്ക് വീഡിയോകൾക്ക് ഇപ്പോഴും ലൈക്കും ഷെയറും കൂന്നുകൂടുകയാണ്. ഏവൂർ വടക്ക് രചനയിൽ പരേതനായ കെവി സുരേന്ദ്രന്റയും സുധയുടേയും മകളാണ്.

ടിക്ക് ടോക്ക് വഴി പരിചയപ്പെട്ടവർ മരണമറിഞ്ഞ് അനുവിന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. 83300 ഫോളോവേഴ്‌സുണ്ട് അനുവിന്. 522 വീഡിയോകൾക്കായി 1.6 ദശലക്ഷം ലൈക്കുകളാണ് അനുവിന്റെ ടിക്ക് ടോക്ക് വീഡിയോകൾക്കുള്ളത്. ഈ വീഡിയോകളെല്ലാം അർബുദം സ്ഥിരീകരിച്ചശേഷം എടുത്തതാണ്. ഫാഷൻ ഡിസൈനിങ്ങും ആനിമേഷനും പഠിച്ചശേഷം സ്വന്തമായി ഡിസൈനിങ് നടത്തുകയായിരുന്ന അനു സുരേന്ദ്രന് രോഗം ഭേദമായി മടങ്ങിവരുമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു. താൻ ചികിത്സയിലാണെന്ന് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കാൻസർ അതിജീവന കൂട്ടായ്മയിലും അംഗമായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്കുമുൻപ് കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾചേർത്ത് അനു തയ്യാറാക്കിയ വീഡിയോ കണ്ട് കണ്ണീരടക്കാനാകാതെ തേങ്ങുകയാണ് സോഷ്യൽമീഡിയ.

Exit mobile version