ആശുപത്രി മുറ്റത്തുണ്ടായിരുന്നിട്ടുപോലും ആംബുലന്‍സ് നല്‍കിയില്ല; ചികിത്സ വൈകിയത് മൂലം രോഗി മരിച്ചു

തിരുവനന്തപുരം; മെഡിക്കല്‍ കോളജില്‍ എത്തിക്കാനായി ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് അവശ നിലയിലായ വൃദ്ധനെ കുളത്തൂപ്പുഴ സര്‍ക്കാര്‍ അശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ കുളത്തൂപ്പുഴ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് വിട്ട് നില്‍കിയില്ല എന്നതാണ് പരാതി.

ആര്‍പിഎല്‍ വണ്‍ എ കോളനിയില്‍ താമസിക്കുന്ന അളകനാണ് ചികിത്സ വൈകിയത് മൂലം മരിച്ചത്. വീടിനുള്ളില്‍ അവശനായി കിടന്ന അളകനെ ഉച്ചയോടെ ബന്ധുക്കള്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പറഞ്ഞതോടെ 108 ആംബുലന്‍സ് സേവനം ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം വന്നാല്‍ മാത്രമേ ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയുള്ളൂവെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞത്.

തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഏറെ വൈകി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി, ആംബുലന്‍സും തരപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കരവാളൂരില്‍ വെച്ച് ഇയാള്‍ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കി.

Exit mobile version