ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ തന്നെയാണ് യഥാർത്ഥ അധികാരകേന്ദ്രം; പരിധി എല്ലാവരും ഓർക്കണം; ഗവർണറെ തള്ളി സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയിൽ പോയതിന് അനുമതി തേടയില്ലെന്ന് വിമർശിച്ച ഗവർണറെ തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണനും രംഗത്ത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാരകേന്ദ്രമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓർക്കേണ്ടതാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണ് സംസ്ഥാനത്തിന്റെ അധികാരകേന്ദ്രം. ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകരുത്. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാൽ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കർ വിശദീകരിച്ചു.

നേരത്തെപൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേയും അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന കേരള ഗവർണർക്കെതിരേയും വിമർശനവുമായി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ രംഗത്തെത്തിയിരുന്നു. സർവകലാശാലകളിലും രാജ്ഭവനുകളിലും ആർഎസ്എസിന്റെ ഇഷ്ടക്കാരെയാണ് നിയമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രമാണ്. ഗവർണർ നിയമത്തിന് അതീതനല്ല. മന്ത്രിസഭയുടെ തിരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണറെന്നും കപിൽ സിബൽ പറഞ്ഞിരുന്നു.

ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടലംഘനമല്ലെന്നും കേന്ദ്രസർക്കാരുമായ ഏറ്റുമുട്ടുന്ന വിഷയങ്ങളിൽ മാത്രം ഗവർണറെ അറിയിച്ചാൽ മതിയെന്നാണ് ചട്ടമെന്നും എങ്കിലും അനുമതി തേടേണ്ടതില്ലെന്നുമായിരുന്നു നിയമമന്ത്രി എകെ ബാലന്റെ പ്രതികരണം. ഗവർണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version