സുരേന്ദ്രന്റെ പങ്ക് തെളിയിക്കുന്ന അക്രമ ദൃശ്യങ്ങള്‍ നല്‍കാം; സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍

ശബരിമലയിലുണ്ടായ അക്രമങ്ങളില്‍ സുരേന്ദ്രന്റെ പങ്ക് തെളിയിക്കുന്ന ദൃശ്യങ്ങള്‍ നല്‍കാമെന്നും പോലീസ് കോടതിയില്‍ അറിയിച്ചു.

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍. ശബരിമലയിലുണ്ടായ അക്രമങ്ങളില്‍ സുരേന്ദ്രന്റെ പങ്ക് തെളിയിക്കുന്ന ദൃശ്യങ്ങള്‍ നല്‍കാമെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ജാമ്യം നല്‍കരുതെന്ന് വാദിച്ചത്.

അസുഖമുണ്ടെന്നത് തെളിയിക്കുന്ന രേഖകള്‍ ഒന്നും സുരേന്ദ്രന്‍ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം, സുരേന്ദ്രനെ ചോദ്യം ചെയ്തതിന് ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സുരേന്ദ്രന് ഫോണ്‍ വിളിക്കാമെന്നും കോടതി വ്യക്തമാക്കി.

ഭാര്യയെയും മകനെയും ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കണം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലടക്കം കോടതി വാദം കേള്‍ക്കുകയാണ്. അതിനിടെ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ സന്ദര്‍ശിച്ചു. ശോഭാ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, ജെ പദ്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് ജയിലിന് മുന്നില്‍ നാമജപം നടത്തി.

Exit mobile version