കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടുമ്പോൾ ഗവർണറെ അറിയിച്ചാൽ മതി; ഗവർണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഗവർണർ മുഹമ്മദ് ആരിഫ് ഖാന് മറുപടിയുമായി സർക്കാർ. സംസ്ഥാന സർക്കാർ ചട്ടം ലംഘിച്ചെന്ന ഗവർണറുടെ വിമർശനം തെറ്റാണെന്നും റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചതെന്നും മന്ത്രി അറിയിച്ചു. ഗവർണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും നിയമമന്ത്രി എകെ ബാലൻ പറഞ്ഞു.

കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടൽ ആവശ്യമുള്ള സംഭവങ്ങൾ ഗവർണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിൽ പറയുന്നത്. അതിൽ തന്നെ സമ്മതം ചോദിക്കേണ്ട കാര്യവുമില്ല. ഇപ്പോൾ നടക്കുന്നത് കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം അല്ലെന്നും സർക്കാർ വിശദീകരിക്കുന്നു.

അതേസമയം, സർക്കാരിന്റെ നടപടി ചട്ടലംഘനമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നുമാണ് ഗവർണർ ആവർത്തിച്ചത്. ഗവർണർ വിശദീകരണം തേടിയാൽ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് മറുപടി നൽകുമെന്നും എകെ ബാലൻ പറഞ്ഞു. കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിനുണ്ട്. അത് ചെയ്യുകമാത്രമാണുണ്ടായത്. അതല്ലാതെ അല്ലാതെ ഗവർണറുടെ അധികാരത്തിൽ കൈകടത്താനോ ഇല്ലാതാക്കാനോ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

Exit mobile version