വീണ്ടും കോടതിയിൽ നാണംകെട്ട് ദിലീപ്; നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് സ്റ്റേ ഇല്ല; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. കേസിൽ നടൻ ദിലീപിനെ വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വിശദീകരിച്ചു. നടന്റെ ഹർജിയിലാണു കോടതി ഉത്തരവ്. പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡീഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ചു റിപ്പോർട്ട് വരുന്നതുവരെ ക്രോസ് വിസ്താരം പാടില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.

ദിലീപ് നൽകിയ ക്വട്ടേഷൻ അനുസരിച്ച് നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡീഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്കു കഴിഞ്ഞദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി. കേസിലെ ഒമ്പതാം പ്രതിയാണു ദിലീപ്. കോടതി പരിശോധിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ തനിപ്പകർപ്പാണു പരിശോധനയ്ക്ക് അയച്ചത്.

ഇതേ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ വിചാരണക്കോടതി ജഡ്ജിയുടെ സാന്നിധ്യത്തിൽ അടച്ചിട്ട കോടതി മുറിയിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രതിഭാഗത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നു. ഇത്തരം പരിശോധനകളുടെ ചെലവു പ്രതിഭാഗം വഹിക്കണം. കേന്ദ്ര ഫൊറൻസിക് ലാബിന്റെ പരിശോധനാ റിപ്പോർട്ട് വിചാരണയുടെ ഈ ഘട്ടത്തിൽ തെളിവായി സ്വീകരിക്കില്ലെങ്കിലും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനായി ഉപയോഗിക്കാൻ കഴിയും.

Exit mobile version