മുഖത്ത് വെള്ളമൊഴിച്ചു; ചവിട്ടി വീഴ്ത്തി; കൈകളിൽ കടിച്ചു; രക്ഷപ്പെടാനായി എസ്‌ഐയെ ആക്രമിച്ച് പ്രതി; മൽപ്പിടുത്തത്തിൽ കീഴടക്കി ഒല്ലൂർ എസ്‌ഐ!

ഒല്ലൂർ: പോലീസ് ജീപ്പിൽ കൊണ്ടുപോകുന്നതിനിടെ കൊലപാതകശ്രമക്കേസിലെ പ്രതി രക്ഷപ്പെടാൻ ശ്രമം. എസ്‌ഐയെ ആക്രമിച്ച് ജീപ്പിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിൽ എസ്‌ഐ തന്നെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇളംതുരുത്തി തെങ്ങുംതറ കിഴക്കേത്തല വീട്ടിൽ രഞ്ജിത്തിനെ (30)യാണ് ഒല്ലൂർ എസ്‌ഐ എസ് സിനോജ് സാഹസികമായി കീഴടക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ എസ്‌ഐയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച കുട്ടനെല്ലൂർ ബിവറേജസ് ഔട്ട്ലെറ്റിനു സമീപം സന്തോഷ് എന്നയാളെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് രഞ്ജിത്ത്. ബുധനാഴ്ച രാത്രി പട്രോളിങ്ങിനിടെ ഇയാൾ വീടിനടുത്തുണ്ടെന്ന വിവരം ലഭിച്ച പോലീസ് തേടിയിറങ്ങുകയായിരുന്നു. പിടികൂടാനെത്തിയ പോലീസിനെ കണ്ട പ്രതി രക്ഷപ്പെടാനായി എസ്‌ഐയുടെ മുഖത്തേക്ക് വെള്ളമൊഴിച്ച ശേഷം കാലുവാരി നിലത്തു വീഴ്ത്തി. വീഴ്ചയിൽ വലതു കൈക്ക് പരിക്കേറ്റു. പിന്നെ രണ്ടു കൈകളിലും മാറിമാറി കടിച്ചു. ഈ ഭാഗത്ത് നീരുണ്ട്. കൈയിൽ കടിച്ച് കുതറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ മരത്താക്കര വളവിനടുത്തുവെച്ച് വേഗം കുറഞ്ഞ സമയത്താണ് ജീപ്പിൽനിന്ന് ഇറങ്ങിയോടിയത്. എസ്‌ഐയും പിന്നാലെ ചാടി പ്രതിയെ പിന്തുടരുന്നതിനിടയിൽ വീണ്ടും എസ്‌ഐ ആക്രമിക്കപ്പെട്ടു.

ഒടുവിൽ ഇരുവരും ഏറെനേരം മൽപ്പിടിത്തമുണ്ടാവുകയും ജീപ്പിലുണ്ടായിരുന്ന മറ്റു പോലീസുകാരുടെ സഹായത്തോടെ എസ്‌ഐ പ്രതിയെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. കൊലപാതകശ്രമമുൾപ്പെടെ രഞ്ജിത്തിന്റെ പേരിൽ 14 കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും എസ്‌ഐയെ ആക്രമിച്ചതിനും വേറെ കേസുകളുമുണ്ട്.

Exit mobile version