വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ സൗകര്യമില്ല; പ്രിയപ്പെട്ട സന്തോഷിനെ നാട്ടുകാര്‍ക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ സൗകര്യമൊരുക്കി ജുമാമസ്ജിദ്

മേപ്പാടി: വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് പ്രിയപ്പെട്ട സന്തോഷിനെ നാട്ടുകാര്‍ക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ സൗകര്യമൊരുക്കിയത് കുന്നമ്പറ്റ ജുമാമസ്ജിദ്. കുന്നമ്പറ്റ ഒമ്പതാം നമ്പര്‍ എന്ന റോഡുസൗകര്യമില്ലാത്ത പ്രദേശത്തായിരുന്നു സന്തോഷിന്റെ വീട്. മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കുള്ള അസൗകര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് കുന്നമ്പറ്റ ജുമാമസ്ജിദ് അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചത്.

മതവും ജാതിയും പരിഗണിക്കാതെ ജീവിച്ചവരായിരുന്നു കുന്നമ്പറ്റക്കാര്‍ എന്ന് തെളിയിക്കുന്ന സന്ദര്‍ഭമായിരുന്നു ഇത്. കുന്നമ്പറ്റ കൊല്ലിയില്‍ പരേതനായ കരുണാകരന്റെയും ഭാര്‍ഗവിയുടെയും മകനായ സന്തോഷ് (39) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. റോഡുസൗകര്യമില്ലാത്ത പ്രദേശത്തായിരുന്നു സന്തോഷിന്റെ വീടെന്നതിനാല്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇത് അസൗകര്യമായിരുന്നു.

ഈ പ്രയാസം അറിഞ്ഞ കുന്നമ്പറ്റ ജുമാമസ്ജിദ് ഭാരവാഹികള്‍ മസ്ജിദ് അങ്കണത്തില്‍ മൃതദേഹം വെക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തുനല്കി. അവിടെ ജാതിയും മതവും ഉണ്ടായിരുന്നില്ല. വിവരം മസ്ജിദില്‍നിന്നുതന്നെ മഹല്ലിലെ വിശ്വാസികളെ അറിയിച്ചു. തുടര്‍ന്ന് മഹല്ല് സെക്രട്ടറി ഇടി. അബൂബക്കറിന്റെയും പ്രസിഡന്റ് എസ്. അബ്ബാസിന്റെയും നേതൃത്വത്തില്‍ സൗകര്യമൊരുക്കി. പൊതുദര്‍ശനത്തിനുശേഷം കുന്നമ്പറ്റ ഹിന്ദുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

ജാതിയുംം മതവും നോക്കാതെ ഒരുമയോടെ ജീവിക്കുന്നവരാണ് കുന്നമ്പറ്റക്കാര്‍ എന്നത് ഇവര്‍ നേരെത്തെയും തെളിയിച്ചിരുന്നു. പ്രാദേശിക ആഘോഷങ്ങളും എല്ലാവരും സഹകരിച്ചുതന്നെയാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തന്മാര്‍ക്ക് അന്നദാനവും ഒരുക്കിയിരുന്നു. നബിദിനത്തില്‍ പ്രദേശത്തെ കുന്നമ്പറ്റ ഭഗവതി ശാസ്താക്ഷേത്രസമിതി മധുരവും നല്‍കിയിരുന്നു.

Exit mobile version