തീപിടുത്തത്തിൽ വീട് കത്തി നശിച്ചാൽ 4 ലക്ഷം രൂപ ധസഹായം; ഭാഗികമായി കത്തിയാൽ ഒരു ലക്ഷം രൂപയും

തിരുവനന്തപുരം: തീപിടുത്തത്തിൽ വീടുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കേണ്ട നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. വീടുകൾക്ക് കാര്യമായ നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപയും വീട് പൂർണ്ണമായി കത്തിനശിച്ചാൽ നാലുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകാൻ തീരുമാനിച്ചു.

തീപിടുത്തത്തിൽ 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂർണ്ണമായി കത്തിനശിച്ചതായി കണക്കാക്കി നാലുലക്ഷം രൂപ നൽകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

ഇതോടൊപ്പം, കടൽക്ഷോഭത്തിൽ വള്ളമോ ബോട്ടോ പൂർണ്ണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി രണ്ടുലക്ഷം രൂപയും വലയോ കട്ടമരമോ പൂർണ്ണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നഷ്ടപരിഹാരമായി നൽകും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരുലക്ഷം രൂപയും നൽകാൻ തീരുമാനിച്ചു.

Exit mobile version