അബ്ദുള്ളക്കുട്ടി മുസ്ലീം സമുദായത്തിന്റെ ഒറ്റുകാരന്‍; പള്ളിയില്‍ കയറ്റാന്‍ പാടില്ല, വേണ്ടി വന്നാല്‍ തടയാം; സമസ്ത നേതാവ്

മലപ്പുറം; ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി മുസ്ലീം സമുദായത്തിന്റെ ഒറ്റുകാരനാണെന്ന് സമസ്ത നേതാവ് ഉമര്‍ ഫൈസി. മതത്തിനെതിരായി പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന അബ്ദുള്ളക്കുട്ടിയെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ഉമര്‍ ഫൈസി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുസ്ലീം സമൂഹത്തെ ദ്രോഹിക്കുകയും, മുസ്ലീം ജനതയെ നാടുകടത്തണം, അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ലെന്ന് പറയുന്നയാള്‍ ഇസ്ലാം മതത്തിന്റെ ഒറ്റുകാരന്‍ തന്നെയാണ്. ചില്ലറ ആവശ്യങ്ങള്‍ക്ക് വേണ്ടി യാണ് അവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. ഇസ്ലാമിന്റെ വിശ്വാസങ്ങളോട്‌ മുഖംതിരിക്കുകയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ ഇസ്ലാം മതത്തില്‍ നിന്നും പുറത്താണെന്നും ഉമര്‍ ഫൈസി പറഞ്ഞു.

പിഴച്ച വഴിയിലൂടെയാണ് ഇന്ന് അബ്ദുള്ളക്കുട്ടി സഞ്ചരിക്കുന്നത്. അബ്ദുള്ള കുട്ടി എന്തിന് പള്ളിയില്‍ വരുന്നു? ഇസ്ലാമില്‍ നിന്നും പുറത്ത് പോയവര്‍ക്ക് പള്ളിയില്‍ പ്രവേശനമില്ല. അബ്ദുള്ളക്കുട്ടിക്ക് പോകാന്‍ മറ്റ് എത്രയോ സ്ഥലങ്ങളുണ്ട്. പള്ളിയെ സംബന്ധിച്ചിടത്തോളം അത് വിശ്വാസികളുടെ ആരാധനാലയമാണ്. അവിടെ മുസ്ലീങ്ങള്‍ മാത്രമാണ് പ്രവേശിക്കാന്‍ പാടുള്ളൂ. അതിനാല്‍ മതം നിഷേധിച്ച് പോയ അബ്ദുള്ളക്കുട്ടിക്ക് പള്ളിയില്‍ പ്രവേശനം കൊടുക്കേണ്ട ആവശ്യമില്ലെന്നും പള്ളിയില്‍ എത്തിയാല്‍ അയാളെ തടയുന്നതില്‍ തെറ്റില്ലെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.

Exit mobile version