ആനയുടെ കുത്തേറ്റ് മരിച്ചാല്‍ 10 ലക്ഷം, പാമ്പ് കടിയേറ്റാല്‍ പോലും നഷ്ടപരിഹാരം; എന്നാല്‍ മരിക്കുന്നത് തേനീച്ചയോ കടന്നലോ കുത്തിയാണെങ്കില്‍ നയാപ്പൈസ കിട്ടില്ല

തിരുവനന്തപുരം: കാട്ടുപോത്തിന്റെയോ ആനയുടേയോ പന്നിയുടേയോ കുത്തേറ്റ് മനുഷ്യന്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നല്‍കും. എന്നാല്‍ മരിക്കുന്നത് തേനീച്ചയോ കടന്നലോ കുത്തിയാണെങ്കില്‍ നഷ്ടപരിഹാരമായി വനംവന്യജീവിവകുപ്പില്‍ നിന്നും നയാപ്പൈസ കിട്ടില്ല!

1980ലാണ് വന്യജീവി ആക്രമണത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച നിയമം നിലവില്‍ വന്നത്. എന്നാല്‍ ഇതില്‍ തേനീച്ചയും കടന്നലും വന്യജീവികളില്‍ ഉള്‍പ്പെടുന്നില്ല. ഇത് ഒട്ടേറെപ്പേര്‍ക്ക് സഹായം ലഭിക്കാത്തതിന് കാരണമായി. പാമ്പുകടിയേറ്റ് മരിച്ചാല്‍ 2 ലക്ഷം രൂപ കിട്ടുമ്പോഴും കടന്നലിന്റെയും തേനീച്ചയുടെയും കുത്തേറ്റ് മരിച്ചാല്‍ ഒരു സഹായവും ലഭിക്കില്ല.

പാമ്പുകടിച്ചുള്ള മരണത്തിന് രണ്ടുലക്ഷംരൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യം പലര്‍ക്കുമറിയില്ല. 2018 ഏപ്രില്‍ അഞ്ചിന് ഇറങ്ങിയ ഉത്തരവനുസരിച്ചാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം പത്തുലക്ഷമാക്കിയത്. സ്ഥിരമായ അവശത സംഭവിക്കുന്നവര്‍ക്ക് രണ്ടുലക്ഷം ലഭിക്കും.

അതേസയമം, ചട്ടം ഭേദഗതിചെയ്യുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നും നിയമവകുപ്പിലേക്ക് അയച്ചിരിക്കുകയാണ്, വിഷയത്തില്‍ വൈകാതെ തീരുമാനമുണ്ടാവുമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി കെ രാജു വ്യക്തമാക്കി.

Exit mobile version