തലസ്ഥാനത്ത് പറക്കും തളിക ബൈജുവിന്റെ വിളയാട്ടം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ട പറക്കുംതളിക ബൈജുവിന്റെ നേതൃത്വത്തില്‍ ആക്രമണം. രണ്ടുപേര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ നെടിയവിളയിലാണ് സംഭവം. ഉറിയാക്കോട് നെടിയവിള എസ്ജി ഭവനില്‍ ലിജുസൂരി(29), സംഭവം കണ്ട് അക്രമികളെ പിടിച്ചുമാറ്റാനെത്തിയ സമീപവാസി ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

തിങ്കളാഴ്ച രാവിലെ കാറിലെത്തിയ സംഘം ലിജുസൂരിയെയും ബിനുകുമാറിനെയും ആക്രമിച്ച ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി രക്ഷപ്പെടുകയായിരുന്നു. ലിജുവിന്റെ തലയ്ക്കും വലതുകാലിനും ബിനുവിന്റെ കൈയ്ക്കുമാണ് പരിക്ക്. ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. ലിജുവിന്റെ കാലിലെ പരിക്ക് ഗുരുതരമായതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ; ലിജുവിന്റെ അമ്മയുടെ സഹോദരനായ പറക്കും തളിക ബൈജു എന്ന പൊന്നെടുത്തകുഴി സ്വദേശി ജയിന്‍ വിക്ടറിനെ ലിജുവും കൂട്ടുകാരും ചേര്‍ന്ന് 2018-ല്‍ ആക്രമിച്ചിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഇതിലുള്ള പ്രതികാരമാവാം ഇപ്പോഴത്തെ സംഭവമെന്നാണ് പോലീസ് പറയുന്നത്.

കൂട്ടുകാര്‍ക്കൊപ്പം കാറില്‍ എത്തിയ ബൈജുവും സംഘവും ബൈക്കിലെത്തിയ ലിജുസൂരിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട സ്ഥലവാസിയായ ബിനു അടുത്തെത്തി തടയാന്‍ ശ്രമിച്ചപ്പോഴാണ് സംഘം ഇയാളുടെ കൈയില്‍ വെട്ടിയത്. ഇവരെത്തിയ കാര്‍ നമ്പര്‍ പോലീസ് അന്വേഷണത്തില്‍ റെന്‍ഡ് എ കാറില്‍ നിന്നുമെടുത്തതാണെന്നു തിരിച്ചറിഞ്ഞു. കാര്‍ കൊച്ചുവേളിയില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കൊടുംകുറ്റവാളിയായ എറണാകുളം ബിജുവിനെ കോടതിയില്‍ കൊണ്ടുപോകും വഴി ബൈക്കിലെത്തി പോലീസിന്റെ കൈയില്‍നിന്നും രക്ഷിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പറക്കും തളിക ബൈജു.

Exit mobile version