എച്ച്1 എന്‍1 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട മുക്കത്തെ സ്‌കൂളുകള്‍ തുറന്നു; പനി ലക്ഷണങ്ങളോടെ കുട്ടികള്‍

പനി വ്യാപകമായതിനെ തുടര്‍ന്ന് മുക്കം ആരോഗ്യ കേന്ദ്രത്തില്‍ തുടങ്ങിയ പ്രത്യേക കോള്‍സെന്ററിന്റെ പ്രവര്‍ത്തനം ഒരാഴ്ച കൂടി തുടരും.

കോഴിക്കോട്: എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട കാരശ്ശേരി പഞ്ചായത്തിലെയും മുക്കം നഗരസഭയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു.
അഞ്ച് ദിവസത്തെ അവധിക്ക് ശേഷമാണ് സ്‌കൂളുകളും അംഗണവാടികളും തുറന്നത്.

എന്നാല്‍ സ്‌കൂള്‍ തുറന്നെങ്കിലും എച്ച് 1 എന്‍ 1 ഭീതി വിട്ടൊഴിയാത്തതിനാല്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ പല രക്ഷിതാക്കളും തയ്യാറായില്ല. അതേസമം, സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കി.

സ്‌കൂള്‍ തുറന്നെങ്കിലും പനി പടര്‍ന്നു പിടിച്ച ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹാജര്‍നില കുറവായിരുന്നു. ഇന്ന് ക്ലാസുകളില്‍ എത്തിയ കുട്ടികളില്‍ മുപ്പതോളം പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇവരെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീടുകളിലേക്ക് തിരിച്ചയച്ചെന്ന് പ്രധാനാധ്യപകന്‍ വ്യക്തമാക്കി.

പനി വ്യാപകമായതിനെ തുടര്‍ന്ന് മുക്കം ആരോഗ്യ കേന്ദ്രത്തില്‍ തുടങ്ങിയ പ്രത്യേക കോള്‍സെന്ററിന്റെ പ്രവര്‍ത്തനം ഒരാഴ്ച കൂടി തുടരും.

Exit mobile version