ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ കേരളവും; ആരോഗ്യ വകുപ്പ് മരുന്നുകള്‍ എത്തിക്കും

തമിഴ്നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കെഎംഎസ്‌സിഎല്‍ മുഖേന മരുന്നുകള്‍ കയറ്റി അയയ്ക്കുന്നതിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി കെകെശൈലജ നിര്‍വഹിച്ചു.

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കും. തമിഴ്നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കെഎംഎസ്‌സിഎല്‍ മുഖേന മരുന്നുകള്‍ കയറ്റി അയയ്ക്കുന്നതിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി കെകെശൈലജ നിര്‍വഹിച്ചു.

പ്രളയത്തില്‍നിന്നു കരകയറാന്‍ മറ്റുള്ളവര്‍ സഹായിച്ചതിനെ കേരളം നന്ദിപൂര്‍വം ഓര്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗജ ചുഴലിക്കാറ്റില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ഒരു കോടി രൂപ വിലമതിക്കുന്ന മരുന്നുകളും അനുബന്ധ സാമഗ്രികളും നാല് ട്രക്കുകളിലായാണ് കയറ്റി അയക്കുന്നത്.

മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍, സാനിട്ടറി നാപ്കിനുകള്‍, അയ്യായിരത്തോളം ബെഡ് ഷീറ്റുകള്‍, അയ്യായിരത്തോളം ലുങ്കികള്‍, മൂവായിരത്തോളം തോര്‍ത്തുകള്‍, ടെന്‍ഡുകള്‍, ഗംബൂട്ടുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ അയച്ചത്. ഇതു കൂടാതെ ഇടുക്കിയില്‍ നിന്നു കൂടുതല്‍ സാധനങ്ങള്‍ കയറ്റി അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എറംലാ ബീവി, സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഡോ.പദ്മലത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പിപി, കെഎംഎസ്‌സിഎല്‍ മാനേജര്‍ വിമല്‍ അശോക് എന്നിവര്‍ പങ്കെടുത്തു.

Exit mobile version