ആദ്യ സ്‌ഫോടനം പതിനൊന്ന് മണിക്ക്; പ്രദേശത്ത് നിരോധനാജ്ഞ

എഡിഫസ് എഞ്ചിനീയറിങ് കമ്പനിയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ്ളാറ്റുകളും പൊളിക്കുന്നത്

കൊച്ചി: തീരദേശ നിയമം ലംഘിച്ച് കൊച്ചി മരടില്‍ പണിത ജെയിന്‍ കോറല്‍കോവും, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും ഇന്ന് പൊളിക്കും. തീരദേശ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം മരടിലെ രണ്ട് ഫ്‌ളാറ്റുകള്‍ തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിക്കുന്നത്.

രാവിലെ പതിനൊന്ന് മണിക്കാണ് ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് പൊളിക്കുക. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കും. രണ്ടാം ദിവസത്തെ ഫ്ളാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. എഡിഫസ് എഞ്ചിനീയറിങ് കമ്പനിയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ്ളാറ്റുകളും പൊളിക്കുന്നത്. 122 അപ്പാര്‍ട്ട്മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ളാറ്റ്. ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്.

അതേസമയം ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടന സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version