ഹോളിഫെയ്ത്ത് ഫ്‌ളാറ്റിൽ നിന്നും എല്ലാവരും കുടിയൊഴിഞ്ഞ് പോയിട്ടും എങ്ങും പോകാതെ ഏകനായി ചുറ്റിക്കറങ്ങി ‘അപ്പു’; ഒടുവിൽ അവനെ തേടി വൺനസ് പ്രവർത്തകരെത്തി

കൊച്ചി: മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിക്കണമെന്ന് സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെ താമസക്കാരെല്ലാം ഒഴിഞ്ഞുപോയിരുന്നു. ഹോളിഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം പൊളിക്കുന്നതെന്ന വിവരം പുറത്തുവന്നതോടെ സമീപവാസികളും കുടിയൊഴിഞ്ഞു പോയി. എന്നാൽ ചുറ്റും നടക്കുന്നതൊന്നും അറിയാതെ, അപ്പോഴും ഫ്‌ളാറ്റിന് സമാപത്തു നിന്നും ഒഴിഞ്ഞുപോകാതെ ഒരാൾ ബാക്കിയുണ്ടായിരുന്നു. വെടിമരുന്നിന്റെ അസഹനീയമായ ദുർഗന്ധം ശ്വസിച്ച് അവിടെ കഴിഞ്ഞിരുന്നത് മറ്റാരുമല്ല, ഒരു നായയായിരുന്നു അത്. സ്ഫോടക വസ്തുക്കൾ നിറച്ചുവെച്ച ഫ്‌ളാറ്റിൽ അനധികൃതമായാണ് താൻ താമസിക്കുന്നതെന്നു ഒന്നും ആ നായയ്ക്ക് അറിയില്ലായിരുന്നു. അതേസമയം, ഈ തെരുവുനായയെ സ്ഫോടനം നടക്കുമ്പോൾ എങ്ങനെ നീക്കുമെന്ന ആശങ്കയിലായിരുന്നു കെട്ടിടത്തിന്റെ കാവൽക്കാരായ പോലീസുകാർ. ഒടുവിൽ ആ ആശങ്ക നീക്കി അവനെ ഏറ്റെടുക്കാൻ മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന വൺനസ് പ്രവർത്തകരെത്തുകയായിരുന്നു.

ഫ്‌ളാറ്റിനുള്ളിൽ ചുറ്റിക്കറങ്ങിയ തെരുവുനായയെ വൺനെസ് പ്രവർത്തകർ അനുവാദം വാങ്ങി ഗേറ്റ് കടന്നെത്തിയാണ് വിളിച്ചത്. ആദ്യം അവൻ ഗൗനിച്ചില്ലെങ്കിലും ബിസ്‌കറ്റ് നീട്ടിയപ്പോൾ അവൻ അനുസരണയോടെ അടുത്തേക്കുചെന്നു. ബിസ്‌കറ്റ് നൽകിയ കൃഷ്ണപ്രിയ തലോടിയപ്പോൾ അവൻ സ്നേഹത്തോടെ അടുത്തുനിന്നു. പിന്നെ അവനെയും എടുത്ത് കൃഷ്ണപ്രിയ ഗേറ്റിനു പുറത്തേക്ക് കടന്നപ്പോൾ നല്ലകുട്ടിയായി തലോടൽ ഏറ്റുകിടന്നു. എതിർപ്പൊന്നുമില്ലാതെനിന്ന നായയ്ക്ക് അവരാണ് ‘അപ്പു’ എന്നപേരിട്ടത്. അപ്പുവിനെ രണ്ടുദിവസം സംരക്ഷിച്ച് സ്ഫോടനത്തിന്റെ പൊടിപടലങ്ങൾ അടങ്ങിയശേഷം ‘ഇവിടെത്തന്നെ തിരികെ എത്തിക്കും. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വൺനസ് പ്രവർത്തകയാണ് കൃഷ്ണപ്രിയ. കൃഷ്ണപ്രിയയ്‌ക്കൊപ്പം വൺനസ് പ്രവർത്തകരായ അഡ്വ. ശ്രുതി ഭട്ട്, പ്രസീത, ഷിബിൻ മാത്യു എന്നിവരും ഉണ്ടായിരുന്നു.

സ്ഫോടനം നടക്കുന്ന പ്രദേശങ്ങളിൽനിന്ന് മൃഗങ്ങളെ സുരക്ഷിതായി നീക്കാനാണ് ഇവരെത്തിയത്. 33-ാം വാർഡിൽ ആറ് ആടുകൾക്കും കുറച്ച് താറാവുകൾക്കും ഇവർ താത്കാലികമായി പാർപ്പിക്കാനുള്ള സൗകര്യമൊരുക്കി.

Exit mobile version