നിർമ്മിച്ചത് ശതകോടികൾ ചെലവഴിച്ച്; പൊളിക്കുമ്പോൾ മൂല്യം വെറും 35 ലക്ഷം; നഷ്ടപരിഹാരമായി ഫ്‌ളാറ്റ് ഉടമകൾക്ക് നൽകിയത് 58.11 കോടി രൂപ; 3.88 കോടി രൂപ ഇനിയും സർക്കാരിന് ബാധ്യത; മരടിലെ കണക്കുകൾ ഇങ്ങനെ

കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ഇതുവരെ ഇടക്കാല നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ വിതരണം ചെയ്തത് 58.11 കോടി രൂപ. അർഹരായ 248 ഫ്‌ലാറ്റ് ഉടമകൾക്കു നഷ്ടപരിഹാരം നൽകാനാണ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി ശുപാർശ ചെയ്തിട്ടുള്ളത്. ഇതുപ്രകാരം ഇനി 3.88 കോടി രൂപ മാത്രമാണ് വിതരണം ചെയ്യാൻ ബാക്കിയുള്ളത്. സുപ്രീം കോടതി നിർദേശ പ്രകാരം ഫ്‌ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതമാണു നൽകുക. അതേസമയം, സുപ്രീം കോടതി നിർദേശിച്ച നഷ്ടപരിഹാരം മുഴുവൻ പേർക്കും ലഭിച്ചിട്ടില്ലെന്നു മരടിലെ ഫ്‌ളാറ്റ് ഉടമകൾ പറയുന്നു.

ബിൽഡർമാരും അവരുടെ ബന്ധുക്കളുമായ 6 പേരും നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിരുന്നു. ഇവർക്കു നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. ഫ്‌ളാറ്റ് ഉടമകളിൽ നിന്നു വാങ്ങിയ മുഴുവൻ പണവും കെട്ടിവയ്ക്കാൻ ബിൽഡർമാരോടു സമിതി നിർദേശിച്ചിരുന്നു. ചില ബിൽഡർമാർ പണം കെട്ടിവച്ചിട്ടില്ല.

മരടിലെ ഫ്‌ളാറ്റുകളിലെ 266 പേരാണു നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. 22 ഉടമകൾക്ക് ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നു ഫ്‌ളാറ്റ് ഉടമകൾ രൂപീകരിച്ച മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ ഷംസുദീൻ കരുനാഗപ്പള്ളി പറഞ്ഞു. ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും. ഒരു മാസത്തിനകം നിലവിലെ വിപണിവില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

അതേസമയം, ശതകോടികൾ ചെലവഴിച്ച് നിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകൾ തകർക്കുമ്പോൾ ഉണ്ടാകുന്നത് 76,350 ടൺ കോൺക്രീറ്റ് അവശിഷ്ടമാണെന്നാണ് കണക്ക്. ആലുവ കേന്ദ്രമായ പ്രോംപ്റ്റ് എന്റർപ്രൈസസാണു 35.16 ലക്ഷം രൂപയ്ക്കു അവശിഷ്ടങ്ങൾ വാങ്ങിയത്. ഫ്‌ളാറ്റുകളിൽ തകർന്നു വീഴുന്ന സ്ഥലത്തു വച്ചു തന്നെ അവശിഷ്ടങ്ങളിലെ കോൺക്രീറ്റും ഇരുമ്പു കമ്പികളും വേർപ്പെടുത്തി പൊളിക്കുന്ന കമ്പനി ഇരുമ്പ് കമ്പികൾ സ്വന്തമാക്കും. ബാക്കിയുള്ള കോൺക്രീറ്റ് മാലിന്യം യാഡുകളിലേക്കു മാറ്റും. അവിടെ വച്ചു റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ ഉപയോഗിച്ചു കോൺക്രീറ്റ് എം സാൻഡാക്കി മാറ്റും.

Exit mobile version