മരട് ഫ്‌ളാറ്റുകള്‍ 11 മണിക്ക് പൊളിക്കും; പത്തരയോടെ ഗതാഗത നിയന്ത്രണം

സമീപ പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് പോലീസ്.

കൊച്ചി: സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണം ഇന്ന് പൊളിക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ ഫ്ളാറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തി കഴിഞ്ഞു.

അതേസമയം, സമീപ പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് പോലീസ്. 200 മീറ്റര്‍ ചുറ്റളവിലെ പ്രാദേശിക റോഡുകളില്‍ 10.30 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

തേവര-കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനമുണ്ടാകും. ഉദ്യോഗസ്ഥരെത്തി അവസാനവട്ട പരിശോധനകള്‍ തുടങ്ങി. കായലിലൂടെ ബോട്ടടക്കം യാത്ര ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. കായലിലൂടെ യാത്ര പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.

കായലിന്റെ സുരക്ഷാചുമതലയടക്കം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. ഹോളി ഫെയ്ത്ത് എച്ച്ടുഒവാണ് ആദ്യം പൊളിക്കുക. പോലീസ് വിവിധ ഇടങ്ങളില്‍ ശക്തമായ പരിശോധന നടത്തുകയാണ്. അതേസമയം ഡ്രോണുകള്‍ പറത്തിയാല്‍ വെടിവെച്ചിടുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version