കേന്ദ്രത്തെ വെല്ലുവിളിക്കാൻ തന്നെ തീരുമാനം; പൗരത്വ ഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ മാധ്യമങ്ങളിലെ ആദ്യ പേജിൽ പരസ്യം നൽകി പിണറായി സർക്കാർ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി സംയുക്ത സമരം നടത്തിയതിനും പ്രമേയം പാസാക്കിയതിനും പിന്നാലെ കേന്ദ്ര സർക്കാരിനെ വീണ്ടും വെല്ലുവിളിച്ച് കേരള സർക്കാർ. സാമൂഹ്യ വികസന സൂചികകളിൽ മാത്രമല്ല ഭരണഘടനയുടെ അന്ത:സത്ത ഉയർത്തിപ്പിടിയ്ക്കുന്നതിലും ഒന്നാമതാണ് കേരളം എന്ന് ഉദ്‌ഘോഷിച്ച് ദേശീയ -പ്രാദേശിക മാധ്യമങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പരസ്യം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടു കൂടി ‘ഒന്നാണ് ഒന്നാമതാണ് നമ്മൾ’ എന്ന തലക്കെട്ടോടെയാണ് ദേശീയ മാധ്യമങ്ങളിലെ ആദ്യ പേജിൽ കേരള സർക്കാർ നൽകിയ പരസ്യം ഇടം നേടിയത്. ഭരണ ഘടനാ സംരക്ഷണത്തിന് കേരളം ഒറ്റക്കെട്ടാണെന്നും അതിനു വേണ്ടി പ്രയത്‌നിക്കുമെന്നും പരസ്യത്തിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കി മാതൃകയായ സംസ്ഥാനമാണ് കേരളം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷവുമായി യോജിച്ച് പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭയാണ് കേരളത്തിലേത്. തടങ്കൽ പാളയം, റേഷൻ കാർഡ് നിഷേധം തുടങ്ങിയ ഭീഷണികൾ ഉയർന്നപ്പോൾ സർക്കാർ അതിനെതിരെ ശക്തമായ ചുവടുവെപ്പ് നടത്തി, പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന എൻപിആർ കേരളം നിർത്തിവെച്ചു- എന്നിവയും പരസ്യത്തിൽ പറയുന്നു.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിൽ കേരള സർക്കാരിനും നിയമസഭയ്ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. പുതുച്ചേരി ഉൾപ്പടെയുള്ള നയമസഭകൾ കേരളത്തെ മാതൃകയാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കേരളത്തോട് വിരോധമുള്ളവർക്കുള്ള മറുപടിയാണ് സർക്കാർ കൈക്കൊണ്ട നിലപാടുകൾ വിശദീകരിച്ചുള്ള പരസ്യം.

Exit mobile version