പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍ നടത്തുന്നത് പദവി വിട്ടുള്ള അഭിപ്രായ പ്രകടനം; ജനങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കണം; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഗവര്‍ണര്‍ നടത്തുന്നത് പദവി വിട്ടുള്ള അഭിപ്രായ പ്രകടനമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ അറിയിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം പൗരത്വ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒളിച്ചുകളിയാണെന്ന് രമേശ് ചെന്നിത്തല ചൊവ്വാഴ്ച കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ നിലപാടില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ പോയി പ്രതിഷേധം അറിയിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. പൗരത്വ നിയമത്തിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version