സ്ത്രീകളെ ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുത്; കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്നും ഇതിനെതിരെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിര്‍ദേശം പോലീസ് മേധാവി നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ അനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. എന്നാല്‍ വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും ശ്രദ്ധപുലര്‍ത്തണം. സ്ത്രീകളുടെ മൊഴി വനിതാ പോലീസാണ് രേഖപ്പെടുത്തേണ്ടത്. അവര്‍ക്ക് നിയമസഹായവും ആരോഗ്യസംരക്ഷണ പ്രവര്‍ത്തകന്റെയോ വനിതാ സംഘടനയുടെയോ സഹായവും ലഭ്യമാക്കണം.

പോലീസ് സ്റ്റേഷനിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ വിളിപ്പിക്കാതെ പരാതിക്കാരിയുടെ മൊഴി വീഡിയോ ആയോ ഓഡിയോ ആയോ രേഖപ്പെടുത്താം. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷന്‍ മേധാവികള്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയിട്ടുണ്ട്.

Exit mobile version