മദ്യ ഉപഭോഗവും ലഭ്യതയും കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണ്; വിമര്‍ശനവുമായി കെസിബിസി

കൊച്ചി: സംസ്ഥാനത്ത് ഒന്നാം തീയതിയും മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാന്‍ നീക്കത്തിന് എതിരെ കെസിബിസി മദ്യവിരുദ്ധസമിതി. മദ്യ ഉപഭോഗവും ലഭ്യതയും ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണെന്ന് കെസിബിസി മദ്യ വിരുദ്ധസമിതി സംസ്ഥാന വൈസ് പ്രസിഡന്റ ആന്റണി ജേക്കബ് ചാവറ ആരോപിച്ചു.

മദ്യ മുതലാളിമാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമം, മദ്യ മുതലാളിമാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ‘ഡ്രൈ ഡെ’ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും ആന്റണി ജേക്കബ് ചാവറ ആരോപിച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് എതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സംഘടനാ തീരുമാനമെന്നും ആന്റണി ചാവറ പറഞ്ഞു.

വിഷയത്തില്‍ ഭാവി പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ മാസം 16ന് കൊച്ചിയില്‍ യോഗം ചേരും.കൂടാതെ 21 ന് എറണാകുളം അങ്കമാലി രൂപതയുടെ നേതൃത്വത്തില്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ സൂചന നില്‍പ്പ് സമരം നടത്തും.

എകെ ആന്റണി സര്‍ക്കാരിന്റെ കാലത്താണ് ഒന്നാം തീയതിയില്‍ മദ്യശാല അടച്ചിട്ട് ‘ഡ്രൈ ഡെ’ ആചരിക്കാന്‍ തീരുമാനം എടുത്തത്.

Exit mobile version