മരട് ഫ്ളാറ്റുകള്‍ നിശ്ചയിച്ച സമയക്രമത്തില്‍ പൊളിയ്ക്കും: 200 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ, വെള്ളിയാഴ്ച മോക് ഡ്രില്‍

കൊച്ചി: മരട് ഫ്ളാറ്റുകള്‍ നിശ്ചയിച്ച സമയക്രമത്തില്‍ തന്നെ പൊളിയ്ക്കും. പോലീസ് കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം പതിനൊന്നിന് ആല്‍ഫ ടവറുകളും എച്ച്ടുഒയും പൊളിക്കും. പന്ത്രണ്ടിന് ജെയ്ന്‍ കോറല്‍ കോവ്, ഉച്ചയ്ക്ക് രണ്ട് മണി ഗോള്‍ഡന്‍ കായലോരവും പൊളിയ്ക്കും.

സ്‌ഫോടന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. പൊളിക്കുന്ന ഫ്‌ളാറ്റിന്റെ 200 മീറ്റര്‍ പരിധിയിലായിരിക്കും നിരോധനാജ്ഞ. ശനിയാഴ്ച രാവിലെ 9 മുതലായിരിക്കും നിരോധനാജ്ഞ. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. പൊളിക്കുന്നത് കാണാന്‍ ജനങ്ങള്‍ക്ക് പ്രത്യേക സ്ഥലത്തു അവസരമൊരുക്കും. വെള്ളിയാഴ്ച മോക് ഡ്രില്‍ നടത്തും.

ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഫ്ളാറ്റുകളായ ആല്‍ഫയുടെ രണ്ടു ടവറുകളും എച്ച്ടുഒയും പൊളിക്കുന്നത് രണ്ടാമത്തെ ദിവസത്തേക്ക് മാറ്റി വെക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍ ഇതു തള്ളിയ യോഗം മുന്‍ നിശ്ചയിച്ച പ്രകാരം ഫ്ളാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. രാത്രി കലക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും.

ഫ്ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തുന്നതിന് വേണ്ടിയാണ് ഈ യോഗം ചേരുന്നത്. ഈ യോഗത്തിന് ശേഷം മാത്രമേ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം ഉണ്ടാവുകയുള്ളൂ.

ജനവാസ കേന്ദ്രങ്ങളിലെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നത് മാറ്റിവെക്കുകയാണെങ്കില്‍ മറ്റു ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതം പഠിച്ചതിന് ശേഷം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാമെന്നായിരുന്നു പ്രദേശവാസികളുടെ വാദം.

Exit mobile version