‘ഞാന്‍ സിനിമയാക്കിയാല്‍ ക്ലൈമാക്‌സില്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും ഫ്ളാറ്റില്‍ കെട്ടിയിട്ടതിന് ശേഷമായിരിക്കും പൊളിക്കുക’; പ്രിയദര്‍ശന്‍

കഴിഞ്ഞ ദിവസമാണ് കൊച്ചി മരടില്‍ തീരദേശ നിയമം ലംഘിച്ച് പണിത നാല് ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് താന്‍ സിനിമയാക്കുകയാണെങ്കില്‍ ക്ലൈമാക്‌സില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ അനുവദി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും ഫ്ളാറ്റില്‍ കെട്ടിയിട്ടതിന് ശേഷമായിരിക്കും പൊളിക്കുക എന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്.

‘മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ ഞാന്‍ സിനിമയാക്കിയാല്‍ ക്ലൈമാക്‌സില്‍ ചെറിയൊരു വ്യത്യാസം വരുത്തും. അവിടെ ആ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെയും അതിന് കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റില്‍ കെട്ടിയിട്ടതിന് ശേഷമായിരിക്കും പൊളിക്കുക. ഞാന്‍ മുമ്പ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘മിഥുന’മെന്ന ചിത്രത്തില്‍ ഒരു സീനുണ്ട്. എല്ലാറ്റിനും എതിരെ നില്‍ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയില്‍ കെട്ടിയിട്ടു തീ കൊളുത്തുമെന്ന് മോഹന്‍ലാല്‍ പറയുന്ന സീന്‍. മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ്. എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നല്‍കിയ ഫ്ളാറ്റുകളാണു താമസക്കാര്‍ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കിയ ഫ്ളാറ്റു കെട്ടി ഉയര്‍ത്തിയതല്ല’ എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

സ്വന്തം നാട്ടില്‍ ഉയരുന്നത് നിയമം ലംഘിച്ച് പണിയുന്ന കെട്ടിടമാണെന്ന് മനസിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്പറുമുണ്ടാകുമോ. ഉയരുന്നതു കാണുമ്പോഴെങ്കിലും അവര്‍ അതിനെപ്പറ്റി അന്വേഷിക്കേണ്ടേ? അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ക്ലൈമാക്സ് തന്നെയാണ് കഴിഞ്ഞ ദിവസം ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റു പറയാന്‍ സാധിക്കില്ല എന്നും പ്രിയദര്‍ശന്‍ പറഞ്ഞു. അതേസമയം മരട് ഫ്‌ളാറ്റ് പ്രമേയമാക്കി കണ്ണന്‍ താമരക്കുളം ‘മരട് 357’ എന്ന പേരില്‍ ചിത്രം ഒരുക്കുന്നുണ്ട്. സംവിധായകന്‍ ബ്ലെസി ഇതിനെ കുറിച്ച് ഡോക്യുമെന്ററിയാണ് ഒരുക്കുന്നത്.

Exit mobile version