സംസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം; കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് രാജ്ഭവന്‍

സംസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് രാജ്ഭവന്‍. കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ്ഭവന്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്.

ഭരണഘടനാ പ്രതിസന്ധി രാജ്യത്തുണ്ടെന്ന വിധത്തിലുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. ഏകപക്ഷീയമായ പ്രതിഷേധങ്ങള്‍ തുടര്‍ന്ന് ഗവര്‍ണര്‍ക്ക് നേരെയുണ്ടായി. പോലീസ് നിലപാടിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളും രാജ്ഭവന്‍ നല്‍കിയ കത്തിലുണ്ടെന്നാണ് സൂചന. പോലീസ് സ്വീകരിച്ച പ്രതിരോധ നടപടികള്‍ വീഴ്ചയുള്ളതായിരുന്നു.

പ്രതിഷേധം ഉണ്ടാകുമെന്ന വിവരം ലഭിച്ചിട്ടും നടപടികള്‍ സ്വീകരിച്ചില്ല. കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലുണ്ടായ സംഭവങ്ങളും രാജ്ഭവന്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കേരളാ രാജ്ഭവന്‍ നല്‍കിയ വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.

അതേസമയം പൗരത്വ നിയമ ഭേദഗതിയോടുളള നിലപാട് സംബന്ധിച്ച് ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ രൂപപ്പെട്ട ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് ഗവര്‍ണര്‍ അതേ നാണയത്തില്‍ മറുപടി നല്‍കുന്നത് ഇതുവരെയില്ലാത്ത കീഴ് വഴക്കമാണെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന തരത്തില്‍ ഗവര്‍ണര്‍ പ്രസ്താവന നടത്തിയത് ഭരണത്തിലുള്ള കൈകടത്തലായിട്ടാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കാണുന്നത്.

Exit mobile version