കാറിടിച്ച അമ്മയേയും കുഞ്ഞിനേയും വഴിയിലിറക്കി വിട്ട സംഭവം: കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ശ്രീകാര്യത്ത് കാറിടിച്ചശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ
പോലീസ് കേസെടുത്തു. കൊട്ടാരക്കര സ്വദേശി സജി മാത്യുവിനെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും സമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതിനുമാണ് കേസെടുത്തത്.

സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു.

ശ്രീകാര്യം ഗാന്ധിപുരത്ത് ഡിസംബര്‍ 28നാണ് സംഭവം. രേഷ്മയും രണ്ട് വയസുള്ള മകന്‍ ആരുഷും യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രേഷ്മയും കുഞ്ഞും തെറിച്ചു വീണു. അപകടത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച കാറുടമയെ അതുവഴി ബൈക്കില്‍ വരികയായിരുന്ന യുവാക്കള്‍ തടഞ്ഞു. ആശുപത്രിയില്‍ എത്തിക്കണമെന്ന് പറഞ്ഞ് അവര്‍ ബഹളം വച്ചതായി രേഷ്മ പറയുന്നു.

നാട്ടുകാര്‍ ഇടപെട്ട് ഇരുവരേയും ഇടിച്ചിട്ട വാഹനത്തില്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ വഴിമധ്യേ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടെന്നാണ് രേഷ്മയുടെ പരാതി. കുഞ്ഞിന്റെ മുഖം റോഡില്‍ ഉരഞ്ഞ് സാരമായ പരുക്കേറ്റിരുന്നു. സ്പീഡില്‍ പോകാമോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഇത്രയേ പറ്റൂ എന്നായിരുന്നു കാറുടമയുടെ പ്രതികരണം.

പാതിവഴിയില്‍ വണ്ടി നിര്‍ത്തി തന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുഞ്ഞുമായി വാഹനത്തില്‍ നിന്ന് ഇറങ്ങി. അയ്യപ്പന്‍ എന്ന ഓട്ടോ ഡ്രൈവര്‍ ഇടപെട്ടാണ് തങ്ങളെ ആശുപത്രിയില്‍ എത്തിച്ചതെന്നും രേഷ്മ വ്യക്തമാക്കി. കുഞ്ഞിന്റെ ചോര കാറില്‍ വീഴരുതെന്ന് കാറിലുണ്ടായിരുന്ന യുവതി ആവശ്യപ്പെട്ടു. അതേസമയം പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി വൈകിപ്പിച്ചതായും ആരോപണമുണ്ട്.

Exit mobile version