പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; ആറ് വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്കും, കിടപ്പു രോഗികള്‍ക്കും നോട്ടീസ് അയച്ച് യുപി പോലീസ്

ലഖ്‌നൗ: പൗരത്വ നിയമത്തിന് എതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നോട്ടീസ് അയച്ച് ഫിറോസാബാദ് പോലീസ്. 200 പേര്‍ക്കാണ് ഫിറോസാബാദ് പോലീസ് നോട്ടീസയച്ചിരിക്കുന്നത്.

ആറ് വര്‍ഷം മുമ്പ് മരണപ്പെട്ട ആള്‍ക്കും ഫിറോസാബാദ് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് 94ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പോലീസ് നോട്ടീസയച്ചിരിക്കുന്നത്. ഇവരെ കൂടാതെ കിടപ്പ് രോഗികള്‍ക്കും, മാസങ്ങളായി ചികിത്സയില്‍ കഴിയുന്നവര്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

90 ഉം 93ഉം വയസുള്ള രണ്ട് പേര്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാന്‍ മാസങ്ങളായി കിടപ്പിലാണ്. ഈ രണ്ട് വയോധികരോടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ സൂഫി അന്‍സാര്‍ ഹുസൈനും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഫിറോസാബാദിലെ കോളേജ് സ്ഥാപകന്‍ കൂടിയായ അന്‍സാര്‍ ഹുസൈന്‍ പോലീസുകാര്‍ ഉള്‍പ്പെട്ട പ്രദേശത്തെ സമാധാന സമിതിയിലെ അംഗമാണ്.

നിരവധി നിരപരാധികള്‍ക്കാണ് ഉത്തര്‍പ്രദേശ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. പൗരത്വ നിയമത്തിന് എതിരെ വന്‍ പ്രതിഷേധമാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. പ്രതിഷേധത്തിനിടെ ഫിറോസാബാദില്‍ മാത്രം നാല് പേര്‍ മരിച്ചിട്ടുണ്ട്.

Exit mobile version