പൗരത്വം കേന്ദ്രത്തിന്റെ മാത്രം വിഷയമാണ്, സംസ്ഥാനം ഇടപെടേണ്ട; നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കിയ പ്രമേയത്തെ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പ്രമേയത്തിനു ഭരണഘടനാ, നിയമ സാധുതയില്ലെന്നും ഗവർണർ വ്യക്തമാക്കി. പൗരത്വ പ്രശ്‌നം പൂർണമായും കേന്ദ്ര വിഷയമാണ്. എന്നാൽ എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവർണർ പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഓർഡിനൻസ് ഇറക്കിയ ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. നിയമസഭയ്ക്ക് നിയമസഭയുടേതായ അധികാരങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ഓഡിനൻസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിന് നിസഹായമായി നിന്നുകൊടുക്കാൻ സാധിക്കില്ല. പ്രമേയത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ബിജെപി എംപി രാജ്യസഭയിൽ നൽകിയ അവകാശലംഘന നോട്ടീസിനേയും അദ്ദേഹം എതിർത്തിരുന്നു.

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത് പോലുള്ള നടപടി എവിടെയും കേട്ടുകേൾവിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കാൻ പാടില്ലാത്ത പലതും നടക്കുന്നതുകൊണ്ട് അങ്ങനെയൊരു കാര്യം നടക്കാൻ ഇപ്പോൾ സാധ്യതയുണ്ടോ എന്നറിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

Exit mobile version