ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസ്; കുറവിലങ്ങാട് മഠത്തിന് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ ആകില്ലെന്ന് മദര്‍ സുപ്പീരിയര്‍

വേണമെങ്കില്‍ കന്യാസ്ത്രീയെയും കൂടെയുള്ളവരെയും സര്‍ക്കാര്‍ സുരക്ഷയൊരുക്കുന്ന മറ്റേതെങ്കിലും ഇടത്തേയ്ക്ക് മാറ്റാമെന്നും മദര്‍ സുപ്പീരിയര്‍ വ്യക്തമാക്കി.

കുറവിലങ്ങാട്: ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ബലാത്സംഗക്കേസ് നല്‍കിയ കന്യാസ്ത്രീ താമസിയ്ക്കുന്ന കോട്ടയം കുറവിലങ്ങാട്ടെ മഠത്തിന് സുരക്ഷ കൂട്ടാനാകില്ലെന്ന് മഠത്തിലെ മദര്‍ സുപ്പീരിയര്‍. വേണമെങ്കില്‍ കന്യാസ്ത്രീയെയും കൂടെയുള്ളവരെയും സര്‍ക്കാര്‍ സുരക്ഷയൊരുക്കുന്ന മറ്റേതെങ്കിലും ഇടത്തേയ്ക്ക് മാറ്റാമെന്നും മദര്‍ സുപ്പീരിയര്‍ വ്യക്തമാക്കി.

ജലന്ധറില്‍ ഫ്രാങ്കോയ്‌ക്കെതിരെ സാക്ഷിമൊഴി നല്‍കിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സാക്ഷികള്‍ക്കും പരാതി നല്‍കിയവര്‍ക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ നിലവില്‍ കുറവിലങ്ങാട് മഠത്തിന് സുരക്ഷയുണ്ടെന്നും ഇതിലും കൂടുതല്‍ പോലീസ് സുരക്ഷ ഒരുക്കാനാകില്ലെന്നും മദര്‍ സുപ്പീരിയര്‍ നിലപാടെടുക്കുകയായിരുന്നു.

നിലപാട് മദര്‍ സുപ്പീരിയര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസ് കന്യാസ്ത്രീയെയും മദര്‍ സുപ്പീരിയറിന്റെ നിലപാടറിയിച്ചു. ആവശ്യമെങ്കില്‍ കന്യാസ്ത്രീയെ മാറ്റാമെന്ന നിര്‍ദേശത്തിലൂടെ കുറവിലങ്ങാട് മഠത്തില്‍ നിന്ന് കന്യാസ്ത്രീയെയും കൂടെയുള്ളവരെയും പുറത്താക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. നേരത്തേ മഠത്തില്‍ താമസിച്ചുകൊണ്ടു തന്നെ പോരാട്ടം തുടരുമെന്നാണ് കന്യാസ്ത്രീ നിലപാടെടുത്തിരുന്നത്.

Exit mobile version