‘ഗവര്‍ണര്‍ രാഷ്ട്രീയം പറഞ്ഞതായി താന്‍ കരുതുന്നില്ല, അദ്ദേഹത്തിനെതിരെ പാഞ്ഞടുത്ത ഇര്‍ഫാന്‍ ഹബീബിനെതിരെ കേസ് എടുക്കണം’; പിഎസ് ശ്രീധരന്‍ പിള്ള

കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്നും ഗവര്‍ണര്‍ക്കെതിരെ അതിക്രമത്തിന് തുനിഞ്ഞവര്‍ക്കെതിരെ നടപടിയില്ലാത്തത് ആപത്കരമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്

കോഴിക്കോട്: കണ്ണൂരില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്നും ഗവര്‍ണര്‍ക്കെതിരെ അതിക്രമത്തിന് തുനിഞ്ഞവര്‍ക്കെതിരെ നടപടിയില്ലാത്തത് ആപത്കരമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

‘കേരളം വെള്ളരിക്കാ പട്ടണമായോ? ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞതായി ഞാന്‍ കരുതുന്നില്ല. ഗവര്‍ണര്‍ക്കെതിരെ പാഞ്ഞടുത്ത ഇര്‍ഫാന്‍ ഹബീബിനെതിരെ കേസ് എടുക്കണം’ എന്നാണ് അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. എന്തുകൊണ്ടാണ് ഈ കേസില്‍ ഇതുവരെ കേസെടുക്കാത്തതെന്നും തനിക്കെതിരെ ഒരിടത്തും കരിങ്കൊടി പ്രതിഷേധം ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നുമാണ് വേദിയില്‍ വെച്ച് ഗവര്‍ണര്‍ പറഞ്ഞത്. എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്തണമെന്ന് പറഞ്ഞ് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളായി ഇവര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

Exit mobile version