പുതുവത്സരാഘോഷം; കൊച്ചിയില്‍ കനത്ത സുരക്ഷ ഒരുക്കി പോലീസ്

ബീച്ചിലും പരിസര പ്രദേശത്തുമായി നൂറ്റിയമ്പത് നീരീക്ഷണ ക്യാമറകളും, വാച്ച് ടവറുകളും സ്ഥാപിച്ചിട്ടുണ്ട്

കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. നാളെ പുലര്‍ച്ചെ വരെയാണ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കാന്‍ എത്തുന്ന കൊച്ചിന്‍ കാര്‍ണിവല്‍ നടക്കുന്നത് ഫോര്‍ട്ട് കൊച്ചിയില്‍ ആണ്.

ഫോര്‍ട്ട് കൊച്ചിയില്‍ പ്രത്യേക പോലീസ് കണ്‍ട്രോള്‍ റും തുറന്നിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതല്‍ തോപ്പുംപടി പാലം, ഹാര്‍ബര്‍ പാലം, ഇടക്കൊച്ചി, കുമ്പളങ്ങി, കമാലക്കടവ് എന്നിവിടങ്ങളില്‍ പ്രത്യേക പോലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടിങ്ങളില്‍ ആഘോഷങ്ങള്‍ക്കായി എത്തുന്ന വിദേശികള്‍ക്ക് പ്രത്യേക സ്ഥലവും പോലീസ് ക്രമീകരിച്ചിട്ടുണ്ട്.

ബീച്ചിലും പരിസര പ്രദേശത്തുമായി നൂറ്റിയമ്പത് നീരീക്ഷണ ക്യാമറകളും, വാച്ച് ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പും എക്സൈസും പോലീസും സംയുക്തമായാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. അതേസമയം വിദേശികളെ ശല്യപെടുത്തുന്നത് തടയുന്നതിനായി മഫ്തിയില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Exit mobile version