രമേശിനെയും ലീഗിനെയും കൂട്ടുപിടിച്ച് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താനുള്ള പിണറായിയുടെ നീക്കം കേരളത്തിന് ഗുണകരം; പൗരത്വ നിയമത്തിനെതിരെയുള്ള സംയുക്ത പ്രക്ഷോഭത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരളത്തില്‍ സംയുക്ത പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പൗരത്വ നിയമത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു. യോഗത്തില്‍, പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്‍ പരിഹാസവുമായി രംഗത്ത് എത്തിയത്. സര്‍വ്വ കക്ഷി യോഗത്തില്‍ നിന്ന് നേരത്തെ ബിജെപി ഇറങ്ങിപ്പോയിരുന്നു. സര്‍വ്വ കക്ഷി യോഗം ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്‌കരിച്ചത്.

കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്;

സംയുക്ത പ്രക്ഷോഭം സ്വാഗതാര്‍ഹമായ കാര്യം തന്നെ. രമേശിനെയും ലീഗിനെയും കൂട്ടുപിടിച്ച് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താനുള്ള പിണറായി വിജയന്റെ നീക്കം വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തിന് ഗുണകരമായിരിക്കും. മൂന്നു ചേരികള്‍ എന്നതില്‍ നിന്ന് രണ്ടു ചേരികളിലേക്ക് കേരളം ധ്രുവീകരിക്കപ്പെടുന്നത് നല്ലതുതന്നെ. കോണ്‍ഗ്രസ്സിന്റെ ദയനീയമായ തകര്‍ച്ച കേരളത്തിലും യാഥാര്‍ത്ഥ്യമാവുന്നു എന്നുള്ളതാണ് ഈ പൗരത്വപ്രക്ഷോഭത്തിലെ ടേണിംഗ് പോയിന്റ്. അതും നിയമസഭാതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് മുന്നണി പൂര്‍ണ്ണമായും ഇടതിനുമുന്നില്‍ അടിയറവുപറയുന്നതും പിണറായിയുടെ നേതൃത്വം അംഗീകരിക്കുന്നതും കൗതുകമുളവാക്കുന്നു. തെരുവിലിറങ്ങിയ ഏതാനും സമരക്കാര്‍ മാത്രമാണ് കേരളത്തിലെ പ്രജകളെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് നമോവാകം. നീണാള്‍ വാഴട്ടെ സംയുക്തസമരം. പച്ചച്ചെങ്കൊടിമൂവര്‍ണ്ണക്കൊടി വാനിലുയര്‍ന്നു പറക്കട്ടെ!…

Exit mobile version