‘ഗവര്‍ണര്‍ സാര്‍ ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്, സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ’; ഹരീഷ് വാസുദേവന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു

പൗരത്വ ഭേഗദതി നിയമത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി അഡ്വ. ഹരീഷ് വാസുദേവന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. സ്ഥലവും തീയതിയും സമയവും ഗവര്‍ണര്‍ക്ക് തീരുമാനിക്കാമെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണര്‍ക്കെതിരെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധം നടന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണറുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ഹരീഷ് വാസുദേവന്‍ എത്തിയത്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഗവര്‍ണ്ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ ചില യോഗങ്ങളില്‍ പറയുന്നു, CAA /NRC സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറാണ് എന്ന്. എന്തുകൊണ്ട് അതാരും ഏറ്റെടുക്കുന്നില്ല എന്നു പലരും ചോദിക്കുന്നു. സ്വാഗതാര്‍ഹമായ കാര്യമല്ലേ?

ഗവര്‍ണ്ണര്‍ സാര്‍, ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്. 2020 ല്‍ ആവാം. സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ. CAA എന്തുകൊണ്ട് അനീതിയാണ് എന്നു ഞാന്‍ പറയാം. അല്ലെന്ന് നിങ്ങളും പറയണം. കേള്‍ക്കുന്ന ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കട്ടെ.അപ്പൊ സൗകര്യമായ സമയം അറിയിക്കുമല്ലോ.
സസ്‌നേഹംഅഡ്വ.ഹരീഷ് വാസുദേവന്‍.

Exit mobile version