തേപ്പുകാരന്റെ നന്മ മനസ്സ്: ഇസ്തിരി ഇടാന്‍ ഏല്‍പ്പിച്ച ജീന്‍സിലെ പതിനായിരം രൂപ ഉടമയെ കണ്ടെത്തി നല്‍കി പ്രമോദ്

കൊച്ചി: ഇസ്തിരി ഇടാന്‍ കൊണ്ടുവന്ന ജീന്‍സിലെ പതിനായിരം രൂപ ഉടമയ്ക്ക് തിരിച്ചു നല്‍കി തൃക്കാക്കര തോപ്പില്‍ തേപ്പുകട നടത്തുന്ന പ്രമോദ്. രണ്ടുദിവസമായി ഉടമയെ കാത്തിരിക്കുകയായിരുന്നു പ്രമോദ്. ചൊവ്വാഴ്ച രാവിലെ ഇസ്തിരിയിടാന്‍ കൊണ്ടുവന്ന വസ്ത്രങ്ങളില്‍ ഒരു ജീന്‍സിന്റെ പോക്കറ്റില്‍ നിന്നാണ് 10,000 രൂപ പ്രമോദിനു ലഭിച്ചത്. 500 രൂപയുടെ 20 നോട്ടുകള്‍. വല്ലപ്പോഴും തുണി തേക്കാന്‍ കൊണ്ടുവരുന്ന ആളെന്നല്ലാതെ മറ്റു പരിചയമില്ല.

തേപ്പുകാരനാണെങ്കിലും നന്മ നിറഞ്ഞ മനസ്സാണ് പ്രമോദിന്റേത്. തന്റെ പ്രാരാബ്ധങ്ങളും ചിലവുകളും എല്ലാം മറന്നു, ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കണം. തന്നെപ്പോലെ വിവിധ ആവശ്യങ്ങളുള്ള ഒരാളുടെ പൈസയാണിത്, എങ്ങനെയെങ്കിലും തിരിച്ചുകൊടുക്കണമെന്ന് മാത്രമായിരുന്നു മനസ്സിലെന്ന് പ്രമോദ് പറയുന്നു.

തേപ്പു കഴിഞ്ഞ വസ്ത്രങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ പണം തിരിച്ചേല്‍പ്പിക്കാമെന്നു കരുതി സൂക്ഷിച്ചു. വസ്ത്രം ഏല്‍പ്പിച്ചയാള്‍ ചൊവ്വാഴ്ച വൈകിട്ട് പ്രമോദ് ഇല്ലാത്ത സമയത്തു വസ്ത്രം വാങ്ങിപ്പോയി. പോക്കറ്റില്‍ 10,000 രൂപ ഉണ്ടായിരുന്ന കാര്യം ഇയാള്‍ അറിഞ്ഞുകാണില്ലെന്നാണു കരുതുന്നത്. ജീന്‍സ് അലക്കിയപ്പോഴും രൂപ പോക്കറ്റിലുണ്ടായിരുന്നുവെന്നാണ് അനുമാനം.

വ്യാഴാഴ്ച രാവിലെ അയാള്‍ വീണ്ടും വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ നല്‍കാനെത്തി. കരുമക്കാടെ അഗ്‌നല്‍ എന്ന യുവാവായിരുന്നു അത്. പതിനായിരം രൂപയുടെ കാര്യം പറഞ്ഞപ്പോള്‍ അത് പോയിയെന്ന് വിചാരിച്ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞെന്ന് പ്രമോദ് പറഞ്ഞു.

പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ പ്രമോദ് 18 വര്‍ഷമായി ഇവിടെയാണു താമസം. പച്ചക്കറിക്കട നടത്തി പരാജയപ്പെട്ടപ്പോഴാണു തേപ്പു കടയിലേക്കു വഴിമാറിയത്.

Exit mobile version