തോമസ് ചാണ്ടി എംഎല്‍എ യുടെ സംസ്‌കാരം ഇന്ന്; മുഖ്യമന്ത്രി, ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും

ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടിനോട് ചേര്‍ന്നുള്ള ചേന്നംകരി സെന്റ് പോള്‍സ് മര്‍ത്തോമ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക

ആലപ്പുഴ: അന്തരിച്ച മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടിനോട് ചേര്‍ന്നുള്ള ചേന്നംകരി സെന്റ് പോള്‍സ് മര്‍ത്തോമ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കുവൈത്ത് പ്രതിരോധ മന്ത്രി ഷേഖ് നാസര്‍ അല്‍സബ, എന്‍സിപി ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടിയുടെ ഭൗതീക ശരീരം വിലാപ യാത്രയായി ജന്മനാടായ ആലപ്പുഴയില്‍ എത്തിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, മേഴ്സിക്കുട്ടിയമ്മ, കെടി ജലീല്‍, എഎം ആരിഫ് എംപി, എംഎല്‍എമാര്‍ ഉള്‍പ്പടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയില്‍ ചികിത്സയ്ക്കിടെയുള്ള വിശ്രമത്തിനിടെയാണ് അന്തരിച്ചത്. പിണറായി മന്ത്രിസഭയില്‍ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് പദവി രാജിവച്ച അദ്ദേഹം എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി.

Exit mobile version