ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കാറിനുള്ളില്‍ പ്രസവിച്ചു; രക്ഷകരായി 108 ആംബുലന്‍സും

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം

തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോവും വഴി യുവതി കാറിനുള്ളില്‍ പ്രസവിച്ചു. കൃത്വ സമയത്ത് രക്ഷകരായി 108 ആംബുലന്‍സും എത്തിയതോടെ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നെടുമങ്ങാട് പരുത്തികുഴി കുന്നുംപുറത്ത് വീട്ടില്‍ ശ്രീജിത്തിന്റെ ഭാര്യ നിമിഷ(24)യാണ് കാറിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ നിമിഷയുടെ നില വശളായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ 108 ആംബുലന്‍സിന്റെ സേവനവും തേടി. കാര്‍ അരകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും വേദന കൂടി. പിന്നെ മുമ്പോട്ട്
പോവാന്‍ കഴിയാത്ത അവസ്ഥയിലായി.

ഇതിനിടയില്‍ കണ്ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച സന്ദേശമനുസരിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ 108 ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രതീഷ് ടി എസ്സിന്റെ പരിശോധനയില്‍ നിമിഷയെ കാറില്‍ നിന്ന് ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യത്തിലണെന്ന് കണ്ടെത്തി.

തുടര്‍ന്ന് കാറിനുള്ളില്‍ വെച്ച് തന്നെ ചികിത്സിച്ച് പ്രസവം എടുക്കുകയായിരുന്നു. ശേഷം പ്രഥമശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

Exit mobile version