‘ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടില്‍ ഒരു നക്ഷത്രം തൂക്കിയിടുക, മതത്തിന് അപ്പുറമുളള മാനവികത കുട്ടികള്‍ക്ക് മനസിലാകാന്‍ ഇത്തരം അന്യമത ചിഹ്നങ്ങള്‍ നമ്മള്‍ ഉപയോഗിക്കണം’; ഹരീഷ് പേരടി

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്.

പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന സഹോദരങ്ങള്‍ ഈ ക്രിസ്മസിന് നിങ്ങളുടെ വീട്ടില്‍ ഒരു നക്ഷത്രം തൂക്കിയിടണമെന്നും നമ്മുടെ കുട്ടികള്‍ക്ക് മതത്തിനുമപ്പുറമുളള മാനവികത മനസിലാക്കാന്‍ അന്യമത ചിഹ്നങ്ങള്‍ നമ്മള്‍ ഉപയോഗിക്കണമെന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. എല്ലാ മത ശീലങ്ങളെയും പരസ്പരം കൈമാറുമ്പോള്‍ മാത്രമാണ് ഇന്ത്യ ഒരു സ്വര്‍ഗ്ഗ ഭൂമിയാവുകയുള്ളൂ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന സഹോദരങ്ങളെ ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടില്‍ ഒരു നക്ഷത്രം തൂക്കിയിടുക.മതത്തിനുമപ്പുറമുളള മാനവികത നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാകാന്‍ ഇത്തരം അന്യ മത ചിഹ്നങ്ങള്‍ നമ്മള്‍ ഉപയോഗിക്കണം.കാരണം ഇത് ഏതെങ്കിലും മതത്തെ സംരക്ഷിക്കാനുള്ള സമരമല്ലാ..മറിച്ച് നമ്മുടെ വിശുദ്ധമായ ഭരണഘടനയെ സംരക്ഷിക്കാനുള്ള സമരമാണെന്ന് നമ്മുടെ കുട്ടികള്‍ക്കെങ്കിലും മനസ്സിലാവും.അല്ലെങ്കില്‍ സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡഢികളാവും നമ്മുടെ കുട്ടികള്‍.ഏല്ലാ മത ശീലങ്ങളെയും പരസ്പരം കൈമാറുമ്പോള്‍ മാത്രമാണ് ഇന്‍ഡ്യാ ഒരു സ്വര്‍ഗ്ഗ ഭൂമിയാവുകയുള്ളു.

Exit mobile version