പൗരത്വ ഭേദഗതി നിയമം; കല്യാണവേദികളിലും മുഴങ്ങി പ്രതിഷേധ ആരവം, കാണാം പ്രതിഷേധം രേഖപ്പെടുത്തുന്ന ചില വിവാഹ ചിത്രങ്ങള്‍

കണ്ണൂര്‍ തലശേരിയില്‍ ഇന്നലെ നടന്ന മൂന്നു വിവാഹ വേദികളിലാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടന്നത്.

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേരളം ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങളാണ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് പ്രതിഷേധ ആരവം ഉയരുന്നത് വിവാഹ വേദികളിലാണ്. ശബ്ദമുയര്‍ത്തുന്നത് ആകട്ടെ വിവാഹ പെണ്ണും ചെക്കനും. ഇതിനകം നിരവധി പേരുടെ പ്രതിഷേധങ്ങള്‍ നാം കണ്ടതാണ്. ആ പ്രതിഷേധം ഇപ്പോള്‍ കേരളക്കര ഒന്നടങ്കം വ്യാപിക്കുകയാണ്.

കണ്ണൂര്‍ തലശേരിയില്‍ ഇന്നലെ നടന്ന മൂന്നു വിവാഹ വേദികളിലാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടന്നത്. ഡിവൈഎഫ്‌ഐ ധര്‍മ്മടം മേഖലാ ട്രഷറര്‍ എ ഷിബിന്റെയും കൊളച്ചേരി മേഖലാ കമ്മിറ്റി അംഗം ഹര്‍ഷയുടെയും വിവാഹ ചടങ്ങിനിടെ പ്ലക്കാര്‍ഡുകള്‍ കൂടി ഉയര്‍ത്തിക്കാട്ടിയാണ് വധൂവരന്മാര്‍ പ്രതിഷേധിച്ചത്. കൂടാതെ കണ്ണൂര്‍ കക്കാട് വിവാഹിതരായ സനൂപിന്റെയും ആതിരയുടെയും വിവാഹ ചടങ്ങും ഇതിനു സമാനമായിരുന്നു.

ബാലസംഘം മുന്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു ആതിര. ഡിവൈഎഫ്‌ഐ തലശേരി ടൗണ്‍ മേഖലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മുത്തുവും വിസ്മയയുമാണ് വിവാഹ പന്തലിനെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാക്കിയ മറ്റു രണ്ടു പേര്‍. നോ സിഎഎ, പ്രതിഷേധിക്കുന്നത് അക്രമമല്ല, അവകാശമാണ്, വേഷം കൊണ്ട് തിരിച്ചറിയൂ ഞങ്ങളെ, തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യം വിളികളോടെയുമാണ് വധൂവരന്മാര്‍ പ്രതിഷേധിച്ചത്.

Exit mobile version