നിങ്ങള്‍ ജയിലില്‍ കിടന്നതായി ഞങ്ങള്‍ കണക്കാക്കുന്നില്ല, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്തു..! ജാമ്യത്തിലിറങ്ങിയ 69 പേര്‍ക്ക് വന്‍ സ്വീകരണമൊരുക്കി പന്തളം രാജകൊട്ടാരം; ആര്‍എസ്എസ് ഗുണ്ടാനേതാവ് ആര്‍ രാജേഷിനെ അനുഗ്രഹിച്ച് കൊട്ടാരം പ്രതിനിധി

പന്തളം: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആര്‍എസ്എസ് പെരുമ്പാവൂര്‍ ജില്ലാ കാര്യവാഹക് ആര്‍ രാജേഷ് ഉള്‍പ്പടെയുള്ള 69പേര്‍ക്ക് വന്‍ സ്വീകരണമൊരുക്കി പന്തളം രാജകൊട്ടാരം. ഇവരുടെ ഇരുമുടി കൊട്ടാരത്തില്‍ സൂക്ഷിക്കും. വിലക്ക് തീരുന്ന മുറയ്ക്ക് ഇവരെല്ലാം വീണ്ടും മല കയറും.

പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവര്‍മയുടെ നേതൃത്വത്തിലാണ് സ്വീകരണപരിപാടി ഒരുക്കിയത്. ഇവരെ ഷാള്‍ അണിയിച്ചാണ് വരവേറ്റത്. ആര്‍എസ്എസ് നേതാവ് ആര്‍ രാജേഷിന്റെ തലയില്‍ കൈ വച്ച് ശശികുമാരവര്‍മ അനുഗ്രഹിച്ചു.

”നിങ്ങളെല്ലാവരെയും സ്വതന്ത്രരാക്കേണ്ട ജോലി അയ്യപ്പഭക്തര്‍ക്കുണ്ടായിരുന്നു. അതാണ് ഞങ്ങള്‍ ചെയ്തത്. നിങ്ങള്‍ ജയിലില്‍ കിടന്നതായി ഞങ്ങള്‍ കണക്കാക്കുന്നില്ല, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്തു. സന്തോഷമായിട്ട് പൊയ്‌ക്കോളൂ.” എന്നാണ് സ്വീകരണത്തിന് ശേഷം ശശികുമാരവര്‍മ അറസ്റ്റിലായവരോട് പറഞ്ഞത്.

ഇന്നലെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും 69 പേര്‍ക്കും ജാമ്യം അനുവദിച്ചത്. റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന നിര്‍ദേശത്തോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രനൊപ്പം തന്നെ ജാമ്യം ലഭിച്ച 69 പേര്‍ക്കും റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

Exit mobile version