മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം അപലപനീയം; മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഭരണകൂട ഭീകരതക്കെതിരെ രംഗത്ത് വരണം: ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മ

തിരുവനന്തപുരം: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് മംഗളൂരുവിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ച് പീഡിപ്പിച്ച കര്‍ണാടക പോലീസിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും നടപടിയെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബും അപലപിച്ചു.

ഇത്തരം ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണ് കര്‍ണാടക പോലീസും സര്‍ക്കാറും നടപ്പിലാക്കിയത്. വ്യക്തമായ തിരക്കഥ തന്നെ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. കേരളത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകരെ വ്യാജ മാധ്യമപ്രവര്‍ത്തകരായി ചിത്രീകരിച്ച കര്‍ണാടക പോലീസിന്റെ നടപടി നീചവും നികൃഷ്ടവുമാണ്. ഇന്ത്യയിലെ ഒരു ഭരണകൂടവും ഇത്തരം വ്യാജ പ്രചാരണം ഇതിന് മുമ്പ് നടത്തിയിട്ടില്ല.

തൂലിക പടവാളാക്കിയ മാധ്യമപ്രവര്‍ത്തകരെ ഇതുകൊണ്ടൊന്നും തളര്‍ത്താന്‍ സാധിക്കില്ലെന്നും ജനങ്ങള്‍ എന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്ന് കാലം തെളിയിച്ചതുമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Exit mobile version