പത്രാധിപര്‍ കേസിലുള്‍പ്പെട്ടതിന്റെ പേരില്‍ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല: കോം ഇന്‍ഡ്യ

കണ്ണൂര്‍: ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ ഓഫീസ് റെയ്ഡെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തിയത് മാധ്യമ വേട്ടയാടലെന്ന് ഓണ്‍ലൈന്‍ മാധ്യമ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (ഇന്‍ഡ്യ).

സര്‍ക്കാരും പോലീസും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. പത്രാധിപര്‍ കേസിലുള്‍പ്പെട്ടു എന്നതിന്റെ പേരില്‍ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെ്‌ന് കോം ഇന്‍ഡ്യ വ്യക്തമാക്കി.

മറുനാടന്‍ മലയാളി ജീവനക്കാരുടെ വീട്ടില്‍ അര്‍ധരാത്രി പോലും പോലീസ് പരിശോധന നടത്തുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും മാധ്യമ പ്രവര്‍ത്തകരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല.

മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ സ്തംഭിപ്പിക്കുന്ന വിധം പോലീസ് പെരുമാറുന്നത് അംഗീകരിക്കാനാവില്ല. നിയമപരമായ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം പോലീസിന്റെ നിയമ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തരമായി ഇടപെടണം.

നിയമപരമായ രീതിയിലുള്ള പോലീസ് നടപടികളെ കോം ഇന്‍ഡ്യ എതിര്‍ക്കില്ല. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തോട് പരിപൂര്‍ണ വിശ്വാസമുള്ളവരാണ് മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ നിയമവിരുദ്ധമായ പരിശോധനകള്‍ ശക്തമായി തന്നെ എതിര്‍ക്കും.

കണ്ണൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ എം രഞ്ജിത് ബാബുവിന്റെ വീട്ടില്‍ പോലീസ് അതിക്രമിച്ച് കടന്നായിരുന്നു പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടുവാഹനങ്ങളിലായെത്തിയ പോലീസ് സംഘം രഞ്ജിത് ബാബുവിന്റെ വീടുവളയുകയും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ഭീതിയിലാഴ്ത്തിക്കൊണ്ട് മണിക്കൂറുകളോളം പരിശോധന നടത്തി മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്തത്.

തറവാട് വീട് കുത്തിതുറന്നും പോലീസ് പരിശോധന നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വീട്ടില്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോ അനുമതിയില്ലാതെ പോലീസ് ചിത്രീകരിച്ചത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. രഞ്ജിത് ഉപയോഗിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു.

സമാനമായിരുന്നു മറുനാടന്‍ മലയാളിയുടെ മറ്റ് ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡിന്റെ പേരില്‍ പോലീസ് കാട്ടിക്കൂട്ടിയത്. പത്തനംതിട്ടയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടില്‍ പോലീസ് റെയിഡ് നടത്തുകയും മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തു.

ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളെ കള്ളക്കേസിന്റെ പേരില്‍ വേട്ടയാടുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. കേസിന്റെ ഭാഗമായി മറുനാടന്റെ പ്രധാന ഓഫീസുകള്‍ റെയിഡ് ചെയ്തത് മനസിലാക്കാം. എന്നാല്‍ സംസ്ഥാന വ്യാപകമായി തീവ്രവാദികള്‍ക്കെന്ന പോലെ നടത്തിയ റെയ്ഡും പരിശോധനയും നിയമപരമല്ല, പക വീട്ടലാണെന്ന് സംശയിക്കേണ്ടിവരും.

സര്‍ക്കാരിന്റെ ജിഹ്വകളായ മാധ്യമങ്ങള്‍ക്കെതിരെ ഇതിനെക്കാള്‍ വലിയ പരാതികളും കേസുകളും ഉണ്ടായപ്പോള്‍ കേരളം മുഴുവനുമുള്ള അവരുടെ ഓഫീസുകളില്‍ ഈ രീതിയില്‍ ഒരു റെയ്ഡും പരിശോധനയും നടന്നതായി കേട്ടറിവില്ല. കൊലക്കേസിലടക്കം ഭരണ – പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ പ്രതികളായപ്പോള്‍ കേരളം മുഴുവനുമുള്ള പാര്‍ടി ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തിട്ടില്ല. മാധ്യമ പ്രവത്തകര്‍ക്കെതിരെ കേസുണ്ടാകുമ്പോള്‍ മാത്രം ഇത്തരം റെയ്ഡുകള്‍ എങ്ങനെയുണ്ടാകുന്നുവെന്ന കാര്യം പ്രബുദ്ധ കേരളം ചര്‍ച ചെയ്യണം.

മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും കോം ഇന്‍ഡ്യ കത്ത് നല്‍കും. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സാഹചര്യം ഉണ്ടായില്ലെങ്കില്‍ അത് ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തും.

പോലീസിന്റെയും സര്‍ക്കാരിന്റെയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പൊതുജനങ്ങളുടെ പിന്തുണയോടെ നേരിടുമെന്ന് കോം ഇന്‍ഡ്യ വ്യക്തമാക്കി. നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. നിരവധി കുടുംബങ്ങളാണ് മാധ്യമ പ്രവര്‍ത്തകരെ ആശ്രയിച്ച് കഴിയുന്നത്. കാടടച്ച് വെടിവെക്കുന്നത് പോലെയാണ് മാന്യമായി തൊഴിലെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം നീക്കങ്ങള്‍.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണമെന്ന നിലപാട് തന്നെയാണ് കോം ഇന്‍ഡ്യയ്ക്ക് ഉള്ളത്. ഇത്തരം ഇടപെടല്‍ നടത്താന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളും നിലവിലുണ്ട്. എന്നാല്‍ പോലീസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വേട്ടയാടി മൗലിക അവകാശങ്ങളെ അടിച്ചോടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് ആരും കരുതരുത് – കോം ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

Exit mobile version