മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുള്ള നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നികത്തുമെന്ന് ജില്ലാഭരണകൂടം; കാര്യങ്ങളില്‍ ഇനിയും വ്യക്തതയില്ലെന്ന് നഗരസഭ

സമീപത്തുുള്ള വീടുകള്‍ക്ക് നഷ്ടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചെങ്കിലും രേഖാമൂലം ഉറപ്പുനല്‍കണമെന്ന് നഗരസഭ വ്യക്തമാക്കി

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നികത്തുമെന്ന് ജില്ലാഭരണകൂടം ആവര്‍ത്തിക്കുമ്പോഴും വ്യക്തതയില്ലാതെ മരട് നഗരസഭ. സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തുുള്ള വീടുകള്‍ക്ക് നഷ്ടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചെങ്കിലും രേഖാമൂലം ഉറപ്പുനല്‍കണമെന്ന് നഗരസഭ വ്യക്തമാക്കി.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിനായി ജില്ലാ കളക്ടറുടെ നേൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് നഗരസഭ അറിയിച്ചു. സ്‌ഫോടനത്തിനു മുന്‍പുള്ള തയ്യാറെടുപ്പിനിടെ സമീപത്തെ വീടുകള്‍ക്ക് നാശമുണ്ടായാല്‍ പൊളിക്കല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കുമെന്നും കെട്ടിടങ്ങളിള്‍ സ്‌ഫോടനം നടത്തുമ്പോള്‍ അവശിഷ്ടങ്ങള്‍ തെറിച്ചുവീഴാതിരിക്കാന്‍ കയര്‍ ഭൂവസ്ത്രവും ലോഹ പ്ലേറ്റുകളും സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ഹൈബി ഈഡന്‍ എംപി, എംസ്വരാജ് എംഎല്‍എ എന്നിവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടം രേഖാമൂലം എഴുതി നല്‍കണമെന്നാണ് മരട് നഗരസഭയുടെ നിലപാട്. ഉറപ്പുകള്‍ രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് നഗരസഭയുടെ തീരുമാനം.

Exit mobile version