കുതിച്ചുപായുന്നതിനിടെ സ്വകാര്യ ബസിന്റെ എഞ്ചിനിൽ തീ പടർന്നു; തീ അണച്ചു മുന്നോട്ട് പോകുമ്പോൾ വീണ്ടും തീയും പുകയും

പൊൻകുന്നം: സ്വകാര്യ ബസ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ എഞ്ചിനിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് സ്വകാര്യ ബസിന്റെ എഞ്ചിൻ ഭാഗത്തു നിന്നും തീ ഉയർന്നത്. പമ്പ് ജീവനക്കാർ എത്തി അഗ്നിശമന ഉപകരണം കൊണ്ട് തീ അണച്ചു കൊണ്ടിരിക്കുന്നതിനിടെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിശമനസേന എത്തി തീ കെടുത്തി.

തീ അണഞ്ഞതോടെ മുമ്പോട്ട് എടുത്ത ബസിന്റെ മുമ്പിൽ നിന്നും വീണ്ടും തീ ഉയർന്നതോടെ അഗ്നിശമന സേന മടങ്ങിയെത്തി പൂർണ്ണമായും തീ അണച്ചതിനാൽ ദുരന്തം ഒഴിവായി. ദേശീയപാതയിൽ പൊൻകുന്നം ടൗണിലെ ഭാരത് പെട്രോൾ പമ്പിനു സമീപം ഇന്നലെ വൈകിട്ട് 5.45ന് ആയിരുന്നു സംഭവം.

കോട്ടയം – നെടുങ്കണ്ടം റൂട്ടിൽ ഓടുന്ന സെന്റ് തോമസ് ബസ് പൊൻകുന്നം സ്റ്റാൻഡിൽ നിന്ന് നെടുങ്കണ്ടത്തേക്കു പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിലാണു തീ പിടിച്ചത്. പമ്പ് ജീവനക്കാരായ മനോജ് എം നായർ, മനു ജോർജ്, നന്ദു, വിഎസ് രതീഷ് എന്നിവർ ചേർന്നാണ് ആദ്യം തീയണച്ചത്.

പിന്നീട് അഗ്നിശമന സേന അംഗങ്ങളായ ചീഫ് ഫയർമാൻ ജോസഫ് ജോസഫ്, ലീഡിങ് ഫയർമാൻ വികെ പ്രസാദ്, ഫയർമാൻമാരായ പി മധുസൂദനൻ, ടിഎൻ പ്രസാദ്, എംഎ വിഷ്ണു, സജി കെ ഡി, ആർപി രാജീവ് എന്നിവരും തീയണയ്ക്കാൻ നേതൃത്വം നൽകി.

Exit mobile version