‘രാജ്യത്തെ മുച്ചൂടും നശിപ്പിച്ച ഒരു ഫാസിസ്റ്റ് സര്‍ക്കാറിനെതിരെ ശക്തമായി സമര മുഖത്തിറങ്ങാന്‍ നാം പ്രതിജ്ഞാബദ്ധരാണ്’; എംഎ നിഷാദ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. നിരവധി പ്രമുഖര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദം ഉയര്‍ത്തുമ്പോള്‍ തന്നെ നമ്മള്‍ രാജ്യത്തെ മറ്റ് വിഷയങ്ങളിലും ശ്രദ്ധ ചെലുത്തണമെന്ന് ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്.

തൊഴില്ലായ്മ, വിലക്കയറ്റം, കര്‍ഷക ആത്മഹത്യ എന്നീ വിഷയങ്ങളില്‍ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്ന മോഡിയുടെ കെണിയില്‍ വീഴാതിരിക്കണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

FYL.Farmers,Youth,Labour.കര്‍ഷകന്‍ നമ്മുടെ വിശപ്പകറ്റാന്‍,കഷ്ടപ്പെടുന്ന സഹോദരന്മാര്‍,വിഷം കഴിച്ച്,ആത്മഹത്യ ചെയ്യുന്ന ഇന്ത്യ.മോഡിയുടെ അച്ഛാ ദിന്‍.യുവത അതെ അവരിലാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ.പ്രതികരണ ശേഷി നഷ്ടപ്പെടാത്ത,യുവജനങ്ങള്‍.അമിട്ടിന്റെ പോലീസ് തല്ലി ചതക്കുമ്പോഴും,പതറാതെ പൊരുതുന്ന യുവത. തൊഴിലാളി തൊഴില്‍ അവസരങ്ങള്‍ ദിനം തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന,രാജ്യത്തിന്റെ യഥാര്‍ത്ഥ ശില്പികള്‍.അവരുടെ ചോര നീരാക്കിയ വിയര്‍പ്പിന്റെ,ഗന്ധമുണ്ട് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചക്ക്. കുത്തകകള്‍ക്കും,കോര്‍പ്പറേറ്റുകള്‍ക്കും,ഈ നാട് തീറെഴുതികൊടുത്ത മോഡിഫൈഡ് ഇന്‍ഡ്യയില്‍,ഇനി ഉയരാന്‍ പോകുന്നത് തൊഴിലാളികളുടെ ശബ്ദമാണ്.

കര്‍ഷകര്‍,യുവജനങ്ങള്‍,തൊഴിലാളികള്‍.യോജിച്ച പ്രക്ഷോഭം,ഇന്‍ഡ്യയിലെ മതേതര,ജനാധിപത്യ വിശ്വാസികളുടെ സ്വപ്നമാണ്.ആഗ്രഹമാണ്.ഫാസിസ്റ്റ് ശക്തികളെ അകറ്റി നിര്‍ത്താന്‍.അത് ഈ കാലഘട്ടത്തിന്റ്‌റെ ആവശ്യം കൂടിയാണ്.സാമ്പത്തിക അരാചകത്വം,വിലകയറ്റം,തൊഴില്‍ നിഷേധം,അങ്ങനെ നമ്മുടെ രാജ്യത്തെ മുച്ചുടും നശിപ്പിച്ച ഒരു ഫാസിസ്റ്റ് സര്‍ക്കാറിനെതിരെ,ശക്തമായി സമരമുഖത്തിറങ്ങാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.

വര്‍ഗ്ഗീയതയേ ഈ മണ്ണില്‍ നിന്നും വേറോടെ പിഴുതെറിയണം.അതിന് യോജിച്ചുളള മുന്നേറ്റം അനിവാര്യം തന്നെ.പൗരത്വ ഭേദഗതി നിയമം കൊണ്ട് അവര്‍ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിക്കുന്നു.അവര്‍ കൂട്ടു പിടിക്കുന്നത് വര്‍ഗ്ഗീയതയേയും,മതമെന്ന ഉഗ്ര ശേഷിയുളള ആയുധത്തേയും.നാം കരുതിയിരിക്കുക. രാജ്യം ഭീകരമായ സാമ്പത്തിക ആരാചകത്തിലേക്ക് നീങ്ങുന്നു.വിലകയറ്റത്തിനെതിരെ ജാഗരൂകരാകുക.സമരം വേണ്ടത് അത്തരം വിഷയങ്ങള്‍ക്കും കൂടിയാണ്.അവര്‍ മറപ്പിക്കാന്‍ ശ്രമിക്കും.മറക്കാതിരിക്കാന്‍ നമ്മളും.പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്ന മോഡിയുടെ കെണിയില്‍ വീഴാതിരിക്കട്ടെ,ഈ ജനത.

Exit mobile version