‘സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ തയ്യാറാവണം’; ജീവിതത്തില്‍ അവര്‍ മറ്റുള്ളവരുടെ തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കരുതെന്ന് കെ സുരേന്ദ്രന്‍

സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്ത് എത്തിയ സിനിമാതാരങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മറ്റുള്ളവരുടെ തിരക്കഥ അനുസരിച്ചാണ് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ജീവിത്തില്‍ അങ്ങനെയാവരുത്. വസ്തുത നോക്കി പ്രതികരിക്കാനുള്ള സാമാന്യനീതി പുലര്‍ത്താന്‍ താരങ്ങള്‍ തയ്യാറാവണമെന്നും കെസുരേന്ദ്രന്‍ വ്യക്തമാക്കി.

പാര്‍വ്വതി തിരുവോത്ത്, ടൊവീനോ തോമസ്, പൃഥ്വിരാജ്, മമ്മൂട്ടി, കുഞ്ചാക്കോബോബന്‍, ഷാന്‍ റഹ്മാന്‍, വിനീത് ശ്രീനിവാസന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി സുരേന്ദ്രന്‍ രംഗത്ത് എത്തിയ്ത.

യുഡിഎഫും എല്‍ഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമം രാജ്യത്തെ ഒരു മതന്യൂനപക്ഷത്തേയും ബാധിക്കില്ല. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. പൗരത്വബില്ലിന്റെ യാഥാര്‍ഥ്യം ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version