‘രാജ്യത്തു നിന്ന് പുറത്താക്കുമ്പോള്‍ ഇതുവരെ നല്‍കിയ നികുതിപ്പണം തിരിച്ചു തരുമോ’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഷാന്‍ റഹ്മാന്‍

ഇതുവരെ നമ്മള്‍ നല്‍കിയ നികുതിപ്പണം രാജ്യത്ത് താമസിക്കാനുള്ള വാടകയായിരുന്നോ എന്നും ഷാന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. നിരവധി താരങ്ങളാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. രാജ്യത്തു നിന്ന് പുറത്താക്കുമ്പോള്‍ ഇതുവരെ നല്‍കിയ നികുതിപ്പണം തിരിച്ചു തരുമോ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. അതേസമയം ഇതുവരെ നമ്മള്‍ നല്‍കിയ നികുതിപ്പണം രാജ്യത്ത് താമസിക്കാനുള്ള വാടകയായിരുന്നോ എന്നും ഷാന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.

‘ആളുകളെ രാജ്യത്ത് നിന്നും പുറത്താക്കുമ്പോള്‍ ഇതുവരെ അവര്‍ സര്‍ക്കാരിലേക്ക് നല്‍കിയ നികുതി പണമൊക്കെ തിരിച്ചു നല്‍കുമോ? ആദായനികുതിയും ജിഎസ്ടിയും ഒക്കെ വാങ്ങിയിട്ട് ആ പണം കൊണ്ട് നിങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അപ്പോള്‍ അതൊക്കെ നിങ്ങളുടെ അക്കൗണ്ടുകളില്‍ ഭദ്രമാണ്. ‘നിങ്ങള്‍ രാജ്യം വിടണം, പക്ഷേ നിങ്ങളുടെ പണം ഞങ്ങളുടേതാണ്’ എന്ന വിലകുറഞ്ഞ മറുപടി നല്‍കാനാണോ ഉദ്ദേശംം? ഇതുവരെ ഞങ്ങള്‍ നല്‍കിയ നികുതിപ്പണം ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക ആയിരുന്നോ.

രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി നിങ്ങള്‍ നടത്തിയ ഈ നാടകം എന്തായാലും വളരെ നന്നായിട്ടുണ്ട്. ഇപ്പോള്‍ ആരും തന്നെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ജിഡിപി തകര്‍ന്നതിനെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ വിലക്കയറ്റത്തെക്കുറിച്ചോ ആരും അന്വേഷിക്കുന്നില്ല കൊള്ളാം നന്നായിട്ടുണ്ട്’ എന്നാണ് ഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version